ഒമാനില്‍ ബിസിനസ് വരുമാനം മറച്ചുവെച്ചാല്‍ പിടിവീഴും; ടാക്‌സ് അതോറിറ്റിയുടെ കര്‍ശന മുന്നറിയിപ്പ്

oman

ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

ബിസിനസ് ഇടപാടുകളിലൂടെയുള്ള വരുമാനം മറച്ചുവെക്കാന്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളോ പണമായുള്ള ഇടപാടുകളോ ഉപയോഗിക്കുന്നതിനെതിരെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മുന്നറിയിപ്പുമായി ഒമാന്‍ ടാക്‌സ് അതോറിറ്റി. ഇത്തരം രീതികള്‍ നികുതി വെട്ടിപ്പായി കണക്കാക്കുമെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

ബിസിനസ് വരുമാനം മറച്ചുവെക്കാന്‍ വ്യക്തിഗത അക്കൗണ്ടുകളോ പണമിടപാടുകളോ ഉപയോഗിക്കുന്നത് നികുതി വെട്ടിപ്പിന് പുറമെ കള്ളപ്പണം വെളുപ്പിക്കല്‍ ലക്ഷണമായി സംശയിക്കാനിടയാക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. സുല്‍ത്താനേറ്റിലുടനീളമുള്ള സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കുന്നതിന്റെയും നികുതി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ഈ കര്‍ശന മുന്നറിയിപ്പ്.

രാജ്യത്തെ നികുതി നിയമങ്ങള്‍ അനുസരിച്ച് എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ യഥാര്‍ത്ഥ വരുമാനം കൃത്യമായി വെളിപ്പെടുത്താനും ആവശ്യമായ സാമ്പത്തിക റെക്കോര്‍ഡുകള്‍ സൂക്ഷിക്കാനും ബാധ്യസ്ഥരാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതോറിറ്റിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടിങ് ചാനലുകള്‍ വഴി പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags