ബഹ്‌റൈനില്‍ ഹിസ്ബുല്ല ഭീകര സംഘം പിടിയില്‍ ; രാജ്യദ്രോഹവും ചാരവൃത്തിയും ലക്ഷ്യമെന്ന് സുരക്ഷാ സേന

arrest

ഹിസ്ബുല്ലയുമായി ചേര്‍ന്ന് രാജ്യത്തിന്റെ പരമാധികാരം തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താനും ശ്രമിച്ചവരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന മൂന്നംഗ ഹിസ്ബുല്ല സെല്ലിനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റ് പിടികൂടി. നിരോധിത ലബനീസ് ഭീകര സംഘടനയായ ഹിസ്ബുല്ലയുമായി ചേര്‍ന്ന് രാജ്യത്തിന്റെ പരമാധികാരം തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താനും ശ്രമിച്ചവരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അഹമ്മദ് അഹമ്മദ് ഹുസൈല്‍ മദന്‍ (24) ഹസന്‍ അബ്ദുല്‍ അമീര്‍ ആശൂര്‍ (22) മുന്തസര്‍ അബ്ദുല്‍ മൊഹ്‌സിന്‍ അലി മദന്‍ (29) എന്നിവരാണ് പിടിയിലായത്. ഇവര്‍ ലബനന്‍ സന്ദര്‍ശിച്ച വേളയില്‍ ഹിസ്ബുല്ല ഭീകരരില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിദേശത്തുള്ള ഭീകരവാദികളുമായി ചേര്‍ന്ന് രാജ്യത്തെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താനും ഇവര്‍ നീക്കം നടത്തിയിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ പണം ശേഖരിച്ച് ഹിസ്ബുല്ലയുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
 

Tags