സൗദിയില്‍ ശക്തമായ മഴ തുടരും
വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന സാഹചര്യത്തിലാണ് സിവില്‍ ഡിഫൻസ് ഡയറക്ടറേറ്റ് ജനറല്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്
റിയാദ്: സൗദി അറേബ്യയില്‍ വരാനിരിക്കുന്ന ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫൻസ് ഡയറക്ടറേറ്റ് ജനറല്‍ നിർദേശം നല്‍കി.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അല്‍ ഖഹ്താനി തിങ്കളാഴ്ച നല്‍കിയ അറിയിപ്പ് പ്രകാരം, സൗദിയില്‍ മഴക്കാലം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത് ഏപ്രില്‍ മാസത്തിലാണ്. ഈ വർഷം ഏപ്രിലില്‍ മിക്ക പ്രദേശങ്ങളിലും ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും ജിസാൻ, അസീർ പ്രവിശ്യകളില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം, ചിലയിടങ്ങളില്‍ താപനില സാധാരണയേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ വർദ്ധിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന സാഹചര്യത്തിലാണ് സിവില്‍ ഡിഫൻസ് ഡയറക്ടറേറ്റ് ജനറല്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടാൻ സാധ്യതയുള്ളതിനാല്‍ അത്തരം ഇടങ്ങളില്‍ നിന്നും താഴ്വരകളില്‍ നിന്നും വിട്ടുനില്‍ക്കണം. മഴവെള്ളപ്പാച്ചിലിലോ വെള്ളക്കെട്ടുകളിലോ നീന്താൻ ശ്രമിക്കരുതെന്നും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നല്‍കുന്ന ഔദ്യോഗിക നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും സിവില്‍ ഡിഫൻസ് അഭ്യർത്ഥിച്ചു.
.jpg)


