ഒമാനില്‍ കനത്ത മഴക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

rain uae

പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിച്ച്‌ ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകള്‍ നിരന്തരം പിന്തുടരണമെന്നും അധികൃതർ പുറത്തിറക്കിയിട്ടുള്ള അറിയിപ്പില്‍ പറയുന്നു.

മസ്കറ്റ്: ഒമാനില്‍ ഇന്ന് ശക്തമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് ദേശീയ മള്‍ട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്‍റർ മുന്നറിയിപ്പ് നല്‍കി.ഇടിമിന്നലോടുകൂടിയ കനത്ത മഴ, മഞ്ഞുവീഴ്ച, ശക്തമായ കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

അല്‍ ബുറേമി A,വടക്കൻ അല്‍ ബാത്തിനാ, തെക്കൻ അല്‍ ബാത്തിന, അല്‍ ദാഹിറ, അല്‍ ദാഖിലിയ, മസ്കറ്റ് എന്നി ഗവർണറേറ്റുകളില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. കൂടാതെ വടക്കൻ അല്‍ ശ‌‍ർഖിയ, തെക്കൻ ശർഖിയ എന്നിവിടങ്ങളിലുമുള്ള ചില ഭാഗങ്ങളിലും ശക്തമായ മഴ അനുഭവപ്പെടും.

വിവിധ തീവ്രതകളിലുള്ള മഴയ്ക്കൊപ്പം മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാല്‍ വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും പെട്ടെന്നുള്ള പ്രളയ സാധ്യത നിലനില്‍ക്കുന്നു. മണിക്കൂറില്‍ 28 മുതല്‍ 46 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശാനും മഴക്കാലത്ത് കാഴ്ചപരിധി കുറയാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.  പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിച്ച്‌ ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകള്‍ നിരന്തരം പിന്തുടരണമെന്നും അധികൃതർ പുറത്തിറക്കിയിട്ടുള്ള അറിയിപ്പില്‍ പറയുന്നു.

Tags