സൗദിയിൽ വരും മാസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

Heavy rain expected in Saudi Arabia until Monday

റിയാദ്: സൗദി അറേബ്യയിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാനും താപനില വർദ്ധിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ പ്രവചന റിപ്പോർട്ടിലാണ് വരാനിരിക്കുന്ന മാസങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. ഏപ്രിൽ മാസത്തിൽ രാജ്യത്തെ മിക്കയിടങ്ങളിലും മഴയുടെ അളവ് സാധാരണ നിലയെ മറികടക്കുമെന്നാണ് പ്രവചനം.

ഏപ്രിൽ മാസത്തിൽ തബൂക്ക്, മദീന, മക്ക, അസീർ, അൽ ജൗഫ്, ഹാഇൽ, അൽ ഖസീം, റിയാദ്, നജ്‌റാൻ, അൽ ബാഹ, ജിസാൻ തുടങ്ങിയ മേഖലകളിലും വടക്കൻ അതിർത്തി പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയിലും കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ജിസാൻ, അസീർ മേഖലകളിൽ അസാധാരണമായ രീതിയിൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങളിലും മഴ ശക്തമായേക്കും.

മെയ് മാസത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരും. അസീർ, ജിസാൻ, അൽ ബാഹ, നജ്‌റാന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, മക്കയുടെ തെക്ക്-കിഴക്ക് മേഖലകൾ, റിയാദിന്റെ മധ്യ-പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മെയ് മാസത്തിൽ കനത്ത മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. ജൂൺ മാസത്തിലേക്ക് കടക്കുന്നതോടെ മഴയുടെ തീവ്രതയിൽ കുറവുണ്ടാകുമെങ്കിലും ജിസാൻ, പടിഞ്ഞാറൻ അസീർ, മക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ തുടർന്നേക്കും. മഴയ്‌ക്കൊപ്പം തന്നെ രാജ്യത്തെ പൊതുവായ താപനിലയിലും ഈ മാസങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

Tags