ഖത്തറില്‍ ജീവനക്കാരുടെ പാസ്പോര്‍ട്ട് പിടിച്ചുവെച്ചാല്‍ കനത്ത പിഴ; തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്

Passport service

ഇരുകക്ഷികളും ഒപ്പിട്ട നിയമപരമായ രേഖയുടെ അടിസ്ഥാനത്തിലോ, ജീവനക്കാരന്റെ രേഖാമൂലമുള്ള സമ്മതത്തോടെയോ അല്ലാതെ പാസ്പോര്‍ട്ട് കൈവശം വെക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമില്ല.

ഖത്തറില്‍ ജീവനക്കാരുടെ പാസ്പോര്‍ട്ട് തിരികെ നല്‍കാത്ത തൊഴിലുടമകള്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടും പാസ്പോര്‍ട്ട് കൈവശം വെക്കുന്നത് നിയമലംഘനമാണ്. ജീവനക്കാരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ പാസ്പോര്‍ട്ട് പിടിച്ച് വെച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള നടപടികള്‍ പൂര്‍ത്തിയായിട്ടും ജീവനക്കാരുടെ പാസ്പോര്‍ട്ട് തിരികെ നല്‍കാത്ത തൊഴിലുടമകള്‍ക്കാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത്തരക്കാര്‍ക്ക് 25,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില്‍ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വിഭാഗം ഡിറ്റന്‍ഷന്‍ സെക്ഷന്‍ മേധാവി മേജര്‍ സൗദ് ഹമദ് അല്‍ ബുറൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുകക്ഷികളും ഒപ്പിട്ട നിയമപരമായ രേഖയുടെ അടിസ്ഥാനത്തിലോ, ജീവനക്കാരന്റെ രേഖാമൂലമുള്ള സമ്മതത്തോടെയോ അല്ലാതെ പാസ്പോര്‍ട്ട് കൈവശം വെക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമില്ല. വിസ നടപടികള്‍ പൂര്‍ത്തിയായാല്‍ പാസ്പോര്‍ട്ട് ഉടന്‍ തിരികെ നല്‍കണം. പാസ്പോര്‍ട്ട് തിരികെ ലഭിക്കാത്ത ജീവനക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ നേരിട്ടോ പരാതി സമര്‍പ്പിക്കാം.

Tags