ഹമദ് രാജ്യാന്തര വിമാനത്താവളം; ജൂലൈ മാസത്തില്‍ മാത്രം 43 ലക്ഷം യാത്രക്കാര്‍

google news
Hamad Airport

ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനവ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ മാത്രം 43 ലക്ഷം യാത്രക്കാരാണ് ഇതു വഴി യാത്ര ചെയ്തത്. യാത്രക്കാരുടെ വലിയ തിരക്കാണ് ഇപ്പോള്‍ വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരമ്യം ചെയ്യുമ്പോള്‍ ജൂലൈ മാസത്തില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത ആളുകളുടെ എണ്ണത്തില്‍ 24.3 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. എയര്‍ പോര്‍ട്ട് അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ജൂലൈ മാസത്തില്‍ 43 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഇത് 3.4 ദശലക്ഷമായിരുന്നു. വിമാന സര്‍വീസുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ജൂലൈയില്‍ 22,598 വിമാനങ്ങളാണ് ഹമദ് വിമാനത്താവളത്തില്‍ വന്നുപോയത്. മുന്‍ വര്‍ഷം ഇത് 18,812 ആയിരുന്നു.

20 ശതമാനമാണ് ഈ മേഖലയിലെ വളര്‍ച്ച. 2022ന്റ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോഴും ഈ വര്‍ഷത്തെ ആദ്യ രണ്ട് പാദത്തിലും വ്യോമയാന മേഖലയില്‍ ഗണ്യമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം ചരക്ക് നീക്കത്തില്‍ നേരിയ കുറവ് ഉണ്ടായതായും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമക്കുന്നു.

Tags