ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ; വന്‍ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും പ്രതീക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

gcc

എണ്ണയിതര വരുമാനം ഉയര്‍ത്തി സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഈ നീക്കം ഏറെ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാകുന്നതോടെ വലിയ സാമ്പത്തിക വളര്‍ച്ചയ്ക്കും വിനോദസഞ്ചാര കുതിപ്പിനും ഒരുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ദ്ധിക്കും. എണ്ണയിതര വരുമാനം ഉയര്‍ത്തി സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഈ നീക്കം ഏറെ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍  സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി പ്രഖ്യാപിച്ച ഏകീകൃത ടൂറിസ്റ്റ് വിസ, മേഖലയിലെ ടൂറിസം-നിക്ഷേപ മേഖലകളില്‍ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തുന്നത്. ആറ് ഗള്‍ഫ് രാജ്യങ്ങളെയും ഒരൊറ്റ വിനോദസഞ്ചാര കേന്ദ്രമായി മാറ്റാന്‍ ഈ വിസ സംവിധാനത്തിലൂടെ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധന്‍ അഹമ്മദ് അല്‍ ഖഷ്നം ചൂണ്ടിക്കാട്ടി. എണ്ണയെ മാത്രം ആശ്രയിക്കാതെയുള്ള സാമ്പത്തിക വളര്‍ച്ചയിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വേഗത്തില്‍ മാറാന്‍ ഇത് വഴിതുറക്കും.

പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളിലൊന്ന് കുവൈറ്റായിരിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള കുവൈറ്റിന് ബിസിനസ് ടൂറിസം, ഷോപ്പിങ്, കുടുംബ വിനോദസഞ്ചാരം എന്നിവയില്‍ വന്‍ സാധ്യതകളാണുള്ളത്. വിദേശ സഞ്ചാരികളുടെ വരവ് വര്‍ദ്ധിക്കുന്നതോടെ രാജ്യത്തെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയ്ക്ക് വലിയ ഉണര്‍വുണ്ടാകും. കൂടാതെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ വ്യോമഗതാഗതവും വിമാന സര്‍വീസുകളും വര്‍ധിക്കുന്നതും കുവൈറ്റിന് ഏറെ അനുകൂല ഘടകമാണ്.

Tags