ഏപ്രില്‍ 29 മുതല്‍ ഹജ്ജ് വിസയില്ലാത്ത ആരെയും മക്കയില്‍ പ്രവേശിപ്പിക്കില്ല

hajj
hajj

അധികൃതരില്‍ നിന്നുള്ള പ്രത്യേക അനുമതിയില്ലാതെ നിലവില്‍ മക്കയിലുള്ളവര്‍ക്ക് നഗരത്തില്‍ തുടരാനുമാവില്ല.

=2025 ലെ തീര്‍ത്ഥാടന സീസണിന് മുന്നോടിയായി സൗദി ആഭ്യന്തര മന്ത്രാലയം ഹജ്ജുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം, ഏപ്രില്‍ 29 മുതല്‍ ഹജ്ജ് വിസ കൈവശമില്ലാത്ത ഒരാള്‍ക്കും മക്കയില്‍ പ്രവേശിക്കാനാവില്ലെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. അധികൃതരില്‍ നിന്നുള്ള പ്രത്യേക അനുമതിയില്ലാതെ നിലവില്‍ മക്കയിലുള്ളവര്‍ക്ക് നഗരത്തില്‍ തുടരാനുമാവില്ല.

ഹജ്ജ് വിസയോ പ്രത്യേക പെര്‍മിറ്റോ ഇല്ലാത്തവര്‍ ഏപ്രില്‍ 29ന് മുമ്പായി മക്കയില്‍ നിന്ന് പുറത്തുകടക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഹജ്ജിന് മുന്നോടിയായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നടപടികള്‍. ഇതിനു പുറമെ, സാധുവായ പെര്‍മിറ്റ് ഇല്ലാത്ത പ്രവാസികള്‍ക്ക് ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.

മക്കയില്‍ ഔദ്യോഗികമായി താമസം അഥവാ റെസിഡന്‍സി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തികള്‍, സാധുവായ ഹജ്ജ് പെര്‍മിറ്റ് കൈവശമുള്ളവര്‍, പുണ്യസ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതിയുള്ള ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമേ ഏപ്രില്‍ 29 മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. അബ്ഷര്‍ ഇന്‍ഡിവിഡ്വല്‍ പ്ലാറ്റ്‌ഫോം വഴിയോ മുഖീം പോര്‍ട്ടല്‍ വഴിയോ ഓണ്‍ലൈനായി ഇതുമായി ബന്ധപ്പെട്ട പെര്‍മിറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags