കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇറാഖി പൗരന്‍ പിടിയില്‍

arrest

പട്രോളിങ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ ഇറാഖി പൗരനെ കുവൈത്തിലെ ഫ്രീ സോണ്‍ പരിസരത്ത് നിന്ന് ക്യാപിറ്റല്‍ സപ്പോര്‍ട്ട് പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു. പ്രദേശത്ത് പതിവ് പട്രോളിങ് നടത്തുന്നതിനിടെ യുവാവിന്റെ വാഹനം കണ്ട് സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതി വാഹനം ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പട്രോളിങ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി.

പിടികൂടിയ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ആള്‍മാറാട്ടത്തിന് ഉപയോഗിച്ച നിരവധി വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. ഫ്‌ലാഷര്‍ ലൈറ്റ്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ജാക്കറ്റ്, വയര്‍ലെസ് ആശയവിനിമയ ഉപകരണം, കൈവിലങ്ങ് എന്നിവയാണ് വാഹനത്തില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags