സൗദി ടൂറിസ്റ്റ് ഇ-വിസ പട്ടികയില്‍ നാല് രാജ്യങ്ങള്‍ കൂടി; അര്‍ഹതയുള്ള ആകെ രാജ്യങ്ങള്‍ 72 ആയി
ഒരു വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്.
സൗദി അറേബ്യയുടെ ടൂറിസ്റ്റ് ഇ-വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നാല് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി. ഇതോടെ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 72 ആയി. മെക്‌സിക്കോ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, സെര്‍ബിയ, നോര്‍ത്ത് മാസിഡോണിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് പുതിയതായി വിസാ സൗകര്യം അനുവദിച്ചത്. ഇവര്‍ക്ക് ഓണ്‍ലൈനായോ സൗദിയിലെ പ്രവേശന കവാടങ്ങളില്‍ എത്തിയ ശേഷമോ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം.
ഒരു വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്. ഇതുപയോഗിച്ച് ഓരോ സന്ദര്‍ശനത്തിലും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാം. വിനോദസഞ്ചാരികള്‍ക്ക് വിവിധ പരിപാടികളില്‍ പങ്കെടുക്കാനും ഉംറ നിര്‍വഹിക്കാനും പ്രദര്‍ശനങ്ങള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ പങ്കെടുക്കാനും ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനും ഈ വിസ പ്രയോജനപ്പെടുത്താം. വിസയില്‍ അനുവദിച്ചിട്ടുള്ള താമസകാലാവധി കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കാലാവധി ലംഘിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. വിസയുടെ കാലാവധി അവസാനിക്കുന്നതുവരെ പുതുക്കലിന് അപേക്ഷിക്കാനും കഴിയില്ല. ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസയാണെങ്കിലും ഓരോ സന്ദര്‍ശനത്തിലും താമസിക്കുന്ന ദിവസങ്ങള്‍ ആകെ അനുവദിച്ച കാലാവധിയില്‍നിന്ന് കുറയും. ടൂറിസ്റ്റ് വിസ ഉപയോഗിച്ച് ശമ്പളത്തോടെയുള്ള ജോലികളില്‍ ഏര്‍പ്പെടാന്‍ അനുമതിയില്ല. ഹജ്ജ് സീസണിലും ഈ വിസ ഉപയോഗിച്ച് ഉംറ നിര്‍വഹിക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
.jpg)

