ഫ്ലൈ ദുബൈയിലും പവര്‍ ബേങ്ക് നിരോധിച്ചു
ഓരോ യാത്രക്കാരനും ഒരു പവർ ബേങ്ക് മാത്രം കൈവശം വെക്കാൻ അനുവാദമുണ്ട്
വിമാനത്തിനുള്ളില്‍ പവർ ബേങ്കുകള്‍ ഉപയോഗിക്കുന്നത് സംബന്ധമായി ഫ്ലൈ ദുബൈയും പുതിയ മാർഗരേഖ പുറത്തിറക്കി.സുരക്ഷാ കാരണങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്ന് മുതല്‍ യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമങ്ങള്‍ ബാധകമായിട്ടുണ്ട്.
യാത്രക്കിടെ ഉപകരണങ്ങളോ പവർ ബേങ്കോ വിമാനത്തിന്റെ പവർ സോക്കറ്റുകള്‍ വഴി ചാർജ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഉപയോഗങ്ങള്‍ കർശനമായി നിരോധിച്ചിട്ടുണ്ട്.അവ സീറ്റിനടിയിലോ യാത്രക്കാരന്റെ മുന്നിലുള്ള സീറ്റ് പോക്കറ്റിലോ വെക്കണം. ഓവർഹെഡ് ലോക്കറുകളില്‍ വെക്കാൻ പാടില്ലെന്നും ഫ്ലൈ ദുബൈ വ്യക്തമാക്കി.
ഓരോ യാത്രക്കാരനും ഒരു പവർ ബേങ്ക് മാത്രം കൈവശം വെക്കാൻ അനുവാദമുണ്ട്. അത് ഹാൻഡ് ബാഗേജിലായിരിക്കണം. പവർ ബേങ്കിന്റെ വാട്ട്-അവർ റേറ്റിംഗ് 100ല്‍ താഴെയായിരിക്കണം.
ഇത് ഉപകരണത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഇതില്‍ കൂടുതലുള്ള ഉപകരണങ്ങള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
പവർ ബേങ്കുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയും ഷോർട്ട് സർക്യൂട്ടുകളില്‍ നിന്നോ ആകസ്മികമായി ഓണ്‍ ആകുന്നതില്‍ നിന്നോ സംരക്ഷിക്കപ്പെടുകയും വേണം.
അവയുടെ യഥാർഥ പാക്കേജിംഗിലോ ഒരു സംരക്ഷിത കവറിലോ സൂക്ഷിക്കാനാണ് ഫ്ലൈ ദുബൈ ശുപാർശ ചെയ്യുന്നത്. ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ഇ-സിഗരറ്റുകള്‍, റീചാർജ് ചെയ്യാവുന്ന ബാറ്ററികള്‍, ഡിജിറ്റല്‍ ക്യാമറകള്‍, മറ്റ് ലിഥിയം പവേർഡ് ഉപകരണങ്ങള്‍ എന്നിവക്കും ലിഥിയം ബാറ്ററി ഗതാഗത നിയമങ്ങള്‍ ബാധകമാണെന്നും എയർലൈൻ ഓർമിപ്പിച്ചു.
.jpg)

