റിയാദ് - മുംബൈ വിമാന സര്‍വീസുമായി ഫ്‌ലൈഅദീല്‍!

flyadeal

ഒക്ടോബര്‍ മൂന്ന് മുതലാണ് റിയാദില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്.

സൗദി അറേബ്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ലൈഅദീല്‍  ഇന്ത്യയിലെ സര്‍വീസുകള്‍ വിപുലീകരിക്കുന്നു. ഹൈദരാബാദിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായി മുംബൈയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതായി ഫ്‌ലൈഅദീല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ മൂന്ന് മുതലാണ് റിയാദില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്.

എയര്‍ബസ് A320neo വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഈ സര്‍വീസുകള്‍ നടത്തുക. ആഴ്ചയില്‍ അഞ്ച് ദിവസങ്ങളിലായിരിക്കും സര്‍വീസ്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഒഴികെയുള്ള ദിവസങ്ങളിലാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. റിയാദില്‍ നിന്ന് പുലര്‍ച്ചെ 00:55-ന് പുറപ്പെടുന്ന വിമാനം രാവിലെ 07:40-ന് മുംബൈയിലെത്തും. മുംബൈയില്‍ നിന്ന് രാവിലെ 08:40-ന് പുറപ്പെട്ട് രാവിലെ 10:15-ന് റിയാദില്‍ എത്തിച്ചേരുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പുതിയ സര്‍വീസ് വഴി പ്രതിമാസം 7,400-ലധികം അധിക സീറ്റുകള്‍ ഇരു നഗരങ്ങള്‍ക്കുമിടയില്‍ ലഭ്യമാകും.

സൗദിയുടെയും ഇന്ത്യയുടെയും വാണിജ്യ തലസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ സര്‍വീസ് ബിസിനസ്സ്, വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടും. കൂടാതെ, റിയാദ് വഴി ജിദ്ദ, മദീന, ദമാം തുടങ്ങിയ സൗദി നഗരങ്ങളിലേക്കും ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും എളുപ്പത്തില്‍ കണക്റ്റിവിറ്റി ലഭിക്കാന്‍ ഈ സമയക്രമം സഹായിക്കും.

Tags