ഖത്തറില്‍ സാമ്പത്തിക ഇടപാടുകള്‍ ഇനി അതിവേഗം; നിര്‍ണ്ണായക മാറ്റവുമായി സെന്‍ട്രല്‍ ബാങ്ക്
ഇടനിലക്കാരായ ബാങ്കുകളുടെ സഹായമില്ലാതെ തന്നെ പേയ്മെന്റ് സേവന ദാതാക്കള്‍ക്ക് നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഖത്തറിലെ സാമ്പത്തിക ഇടപാടുകളും പേയ്മെന്റ് സംവിധാനങ്ങളും കൂടുതല്‍ വേഗത്തിലാക്കുന്നതിനായി നിര്‍ണ്ണായക തീരുമാനവുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. പേയ്മെന്റ് സേവന ദാതാക്കള്‍ക്ക് സെന്‍ട്രല്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കാനും റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റത്തിലേക്ക് നേരിട്ട് ആക്സസ് നേടാനുമുള്ള സൗകര്യമാണ് പുതുതായി ഒരുക്കിയിരിക്കുന്നത്.
ഇതോടെ ഇടനിലക്കാരായ ബാങ്കുകളുടെ സഹായമില്ലാതെ തന്നെ പേയ്മെന്റ് സേവന ദാതാക്കള്‍ക്ക് നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. രാജ്യത്തെ ധനകാര്യ പശ്ചാത്തല സൗകര്യങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പേയ്മെന്റ് സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യവും വേഗതയുള്ളതുമാക്കാനും ഈ മാറ്റം സഹായിക്കും.
ഇടപാടുകളിലെ ഇടനിലക്കാരുടെ എണ്ണം കുറയുന്നതോടെ സാമ്പത്തിക കൈമാറ്റങ്ങളുടെ ഘട്ടങ്ങള്‍ കൂടുതല്‍ ലളിതമാകും. ഉപഭോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ കൂടുതല്‍ വേഗമേറിയതും സുരക്ഷിതവുമായ ഇടപാടുകള്‍ സാധ്യമാക്കുകയാണ് ഈ പരിഷ്‌കാരത്തിലൂടെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ലക്ഷ്യമിടുന്നത്.
.jpg)

