ജോലിയില്‍ നിന്നുള്ള പിരിച്ചുവിടലും ശമ്പളത്തിലെ വെട്ടിക്കുറക്കലുകളും കാരണം യുഎഇയില്‍ പ്രവാസികള്‍ പ്രതിസന്ധിയില്‍

uae

യുഎഇയിലെ 546 കമ്പനികളില്‍ നടത്തിയ മാന്‍പവര്‍ സര്‍വേയില്‍ നാലില്‍ ഒന്ന് കമ്പനികളും അവരുടെ ജോലികള്‍ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരിയില്‍ ആരംഭിച്ച അമേരിക്ക-ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫില്‍ ജോലി സാധ്യതകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ജോലിയില്‍ നിന്നുള്ള പിരിച്ചുവിടലും ശമ്പളത്തിലെ വെട്ടിക്കുറക്കലുകളും കാരണം ഇന്ത്യന്‍ പ്രവാസികളടക്കം പ്രതിസന്ധിയിലാണ്

യുഎഇയിലെ 546 കമ്പനികളില്‍ നടത്തിയ മാന്‍പവര്‍ സര്‍വേയില്‍ നാലില്‍ ഒന്ന് കമ്പനികളും അവരുടെ ജോലികള്‍ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നില്‍ ഒന്ന് കമ്പനികളും പുതിയ ആളുകളെ ജോലിക്ക് എടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് കമ്പനികള്‍ ജോലികളില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടുന്നത്. ജോലി നഷ്ടപ്പെടാത്തവരും ശമ്പളത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയിലാണ്. നിരവധി തൊഴിലാളികളുടെ ശമ്പളം വലിയ തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

45 ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ച അനുഭവമുള്ളവരുമുണ്ട്. ജോലിയില്‍ മാത്രമല്ല, വിദ്യാഭ്യാസത്തിന്റ കാര്യത്തിലും യുദ്ധം ഗള്‍ഫ് മേഖലകളില്‍ അസ്ഥിരത കൊണ്ടുവന്നിട്ടുണ്ട്. യുദ്ധം തുടങ്ങിയത് മുതല്‍ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈനായി മാറി. മാത്രവുമല്ല, പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 2000 മുതല്‍ 3000 ദിര്‍ഹം വരെ മാത്രമേ ശമ്പളം ലഭിക്കുന്നുള്ളുവെന്നും കോളേജ് കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവരും പ്രതികരിക്കുന്നു.

ഏത് നിമിഷവും ജോലി ഇല്ലാതാകുമെന്ന പേടിയില്‍ ജീവിക്കുന്നവരും യുഎഇയിലുണ്ട്. ജോലി നഷ്ടമായാല്‍ എന്ത് ചെയ്യുമെന്ന പേടിയില്‍ മാനസികമായ സമ്മര്‍ദ്ദത്തിലൂടെയാണ് ജോലി ചെയ്യുന്നതെന്ന് പലരും പറയുന്നു.

Tags