കമ്പനി ഫണ്ടില്‍ നിന്ന് 1.64 ലക്ഷം ദിനാര്‍ തട്ടിയെടുത്ത പ്രവാസി കുവൈത്തില്‍ പിടിയില്‍
നിലവിലില്ലാത്ത വ്യാജ കമ്പനികളുടെ പേരില്‍ ബില്ലുകള്‍ നിര്‍മ്മിച്ചാണ് പ്രതി കമ്പനിയുടെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.
കുവൈത്തിലെ പ്രമുഖ കരാര്‍ കമ്പനിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്തിരുന്ന ലബനീസ് പൗരന്‍ പദവി ദുരുപയോഗം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 1,64,000 കുവൈത്ത് ദിനാര്‍ കമ്പനിയില്‍ നിന്ന് തട്ടിയെടുത്ത കേസില്‍ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഇയാളെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രണ്ട് വര്‍ഷത്തോളമായി അതീവ രഹസ്യമായി ഇയാള്‍ തട്ടിപ്പ് തുടര്‍ന്നു വരികയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവിലില്ലാത്ത വ്യാജ കമ്പനികളുടെ പേരില്‍ ബില്ലുകള്‍ നിര്‍മ്മിച്ചാണ് പ്രതി കമ്പനിയുടെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് കമ്പനിയുടെ ഉന്നത പദവിയിലിരുന്നു കൊണ്ട് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ കമ്പനി നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് പുറത്തുവന്നത്. സാമ്പത്തിക രേഖകളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ കമ്പനിയുടെ നിയമ പ്രതിനിധി മൈദാന്‍ ഹവല്ലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം പ്രതിയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി. വ്യാജ കമ്പനികളുടെ ഇന്‍വോയ്‌സുകളില്‍ പ്രതി തന്നെയാണ് ഒപ്പിട്ടിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തെളിവുകള്‍ക്ക് മുന്നില്‍ താന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. വിശ്വാസ വഞ്ചനയ്ക്കും സാമ്പത്തിക തട്ടിപ്പിനും കേസെടുത്ത പ്രതിയെ കൂടുതല്‍ നിയമനടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.
.jpg)

