'റെയില്‍ ടു റോഡ്' പദ്ധതിയുമായി ഇത്തിഹാദ് റെയില്‍
ദേശീയ പാസഞ്ചര്‍ റെയില്‍ ശൃംഖലയിലുടനീളം ഈ സേവനങ്ങള്‍ നല്‍കുന്നതിനായി ത്രിഫ്റ്റി കാര്‍ റെന്റല്‍, ഇത്തിഹാദ് റെയിലുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു.
ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്കായി പുതിയ 'റെയില്‍ ടു റോഡ്' കാര്‍ വാടക സേവനം പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് ട്രെയിന്‍ സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് വാഹനം വാടകയ്ക്കെടുത്ത് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനാകും. ദേശീയ പാസഞ്ചര്‍ റെയില്‍ ശൃംഖലയിലുടനീളം ഈ സേവനങ്ങള്‍ നല്‍കുന്നതിനായി ത്രിഫ്റ്റി കാര്‍ റെന്റല്‍, ഇത്തിഹാദ് റെയിലുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു.
ഇത്തിഹാദ് റെയില്‍ ആപ്പ്, വെബ്സൈറ്റ്, ത്രിഫ്റ്റിയുടെ പ്ലാറ്റ്ഫോം എന്നിവ വഴി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ കാറുകള്‍ ബുക്ക് ചെയ്യാനാകും. ശൃംഖലയിലെ 11 പാസഞ്ചര്‍ സ്റ്റേഷനുകളിലും ഡിജിറ്റല്‍ വാടക കിയോസ്‌കും ഹെല്‍പ് ഡെസ്‌കും ഉണ്ടാകും. ഭാവിയില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിനൊപ്പം തന്നെ കാറുകളും ബുക്ക് ചെയ്യാനാവുന്ന സംയോജിത സിസ്റ്റവും AI അധിഷ്ഠിത സേവനങ്ങളും ലഭ്യമാക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിക്കായി 10 ദശലക്ഷത്തിലധികം ദിര്‍ഹമാണ് ത്രിഫ്റ്റി നിക്ഷേപിക്കുന്നത്. ആദ്യഘട്ടത്തില്‍ 500 വാഹനങ്ങള്‍ സര്‍വീസിനായി അനുവദിക്കും.
ലോകമെമ്പാടുമുള്ള ട്രെയിന്‍ യാത്രക്കാരില്‍ 50 ശതമാനത്തിലധികം പേരും തങ്ങളുടെ അവസാന ഘട്ട യാത്രകള്‍ക്കായി കാര്‍ റെന്റല്‍ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിക്കാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും ഈ നീക്കം വലിയ ആശ്വാസമാകും. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന യാത്രാ സര്‍വീസിന്റെ ആദ്യ ഘട്ടം ജൂണ്‍ 30-നാണ് ഇത്തിഹാദ് റെയില്‍ ആരംഭിച്ചത്.
.jpg)

