ഇത്തിഹാദ് റെയിലും ദുബായ് മെട്രോയും ഒന്നിക്കുന്നു; യാത്രക്കാര്‍ക്ക് ഇനി നഗരങ്ങളിലേക്ക് എളുപ്പത്തിലെത്താം
ദുബായ് അല്‍ യലായിസ് സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് സ്റ്റേഷന്‍ വഴി ദുബായ് മെട്രോയുടെ റെഡ് ലൈനിലേക്ക് എളുപ്പത്തില്‍ മാറാന്‍ സാധിക്കും.
യുഎഇയുടെ ദേശീയ റെയില്‍ ശൃംഖലയായ ഇത്തിഹാദ് റെയിലും ദുബായ് മെട്രോയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ണ്ണായക നീക്കവുമായി അധികൃതര്‍. സെപ്റ്റംബര്‍ 30 മുതല്‍ ഇത്തിഹാദ് റെയില്‍ ദുബായില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നതോടെയാണ് യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത യാത്രാസൗകര്യം ഒരുങ്ങുന്നത്. ദുബായ് അല്‍ യലായിസ് സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് സ്റ്റേഷന്‍ വഴി ദുബായ് മെട്രോയുടെ റെഡ് ലൈനിലേക്ക് എളുപ്പത്തില്‍ മാറാന്‍ സാധിക്കും.
രണ്ട് സ്റ്റേഷനുകളെയും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്നതിനായി പ്രത്യേക കാല്‍നടപ്പാലവും നിര്‍മ്മിച്ചുവരികയാണെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സ്ഥിരീകരിച്ചു. ഈ കണക്റ്റിവിറ്റി നിലവില്‍ വരുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ സഹായമില്ലാതെ തന്നെ അബുദാബി, ഫുജൈറ തുടങ്ങിയ എമിറേറ്റുകളില്‍ നിന്ന് ട്രെയിനില്‍ എത്തുന്നവര്‍ക്ക് ബിസിനസ് ബേ, ബുര്‍ജ് ഖലീഫ/ദുബായ് മോള്‍, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ദുബായ് എയര്‍പോര്‍ട്ട് തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രാത്തടസ്സമില്ലാതെ സഞ്ചരിക്കാം.
ദുബായ് മെട്രോയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ സ്റ്റേഷനായ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് വഴിയാണ് ഈ കണക്റ്റിവിറ്റി സാധ്യമാകുന്നത്. പ്രതിദിനം രണ്ടര ലക്ഷത്തോളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ സ്റ്റേഷന്‍ വഴി യാത്രക്കാര്‍ക്ക് ഗ്രീന്‍ ലൈനിലേക്കും ദുബായ് ട്രാമിലേക്കും വഴിമാറി യാത്ര തുടരാനാകും. ദുബായില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മെട്രോയില്‍ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സിലെത്തി അല്‍ യലായിസ് സ്റ്റേഷന്‍ വഴി അബുദാബിയിലേക്കോ ഫുജൈറയിലേക്കോ ഉള്ള ഇത്തിഹാദ് റെയില്‍ ട്രെയിനുകളില്‍ കയറാനും സൗകര്യമുണ്ടാകും.
.jpg)

