കുവൈത്തില്‍ എട്ട് തൊഴില്‍ നിയമലംഘനങ്ങള്‍ ഇനി സഹേല്‍ ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാം

SAHEL

സഹേല്‍ ആപ്പിലെ 'ബല്ലിഗ്‌നി' എന്ന സേവനത്തിലൂടെയാണ് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയുക.

കുവൈത്തില്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എട്ട് തരം നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സഹേല്‍ ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമൊരുക്കി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. സഹേല്‍ ആപ്പിലെ 'ബല്ലിഗ്‌നി' എന്ന സേവനത്തിലൂടെയാണ് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയുക.

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, കരാറോ രസീതോ നല്‍കാതെ അധിക പണം ഈടാക്കല്‍, അനധികൃത തൊഴിലാളികള്‍, പൊതുസ്ഥലങ്ങളിലെ സുരക്ഷാ നിയമലംഘനങ്ങള്‍, തൊഴിലാളികള്‍ക്കെതിരായ ശാരീരിക പീഡനം, തൊഴിലാളികളുടെ ലിംഗവിഭാഗത്തിന് അനുവദിക്കാത്ത ജോലികളില്‍ നിയമിക്കല്‍, 18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കല്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാം.

കൂടാതെ വേനല്‍ക്കാലത്ത് രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ നിരോധിത സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലിചെയ്യിക്കുന്നതിനെതിരെയും പരാതി നല്‍കാം. സഹേല്‍ ആപ്പില്‍ നിയമലംഘനത്തിന്റെ തരം തിരഞ്ഞെടുത്ത് വിശദാംശങ്ങള്‍, സ്ഥലം, തെളിവായ ഫോട്ടോകള്‍ എന്നിവ ചേര്‍ത്ത് പരാതി സമര്‍പ്പിക്കാം. തുടര്‍ന്ന് പരാതിയുടെ റഫറന്‍സ് നമ്പര്‍ ലഭിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ നിയമലംഘനങ്ങള്‍ തടയുന്നതിനും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.

Tags