പൊതുഗതാഗതത്തില്‍ കുതിച്ചുചാട്ടവുമായി ദുബായ്; പ്രതിദിനം യാത്ര ചെയ്യുന്നത് 19 ലക്ഷം പേര്‍
പ്രതിദിനം ശരാശരി 19 ലക്ഷം ആളുകളാണ് ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്.
ദുബായിലെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് വന്‍ ജനപ്രീതിയെന്ന് റിപ്പോര്‍ട്ട്. 2026-ന്റെ ആദ്യ ആറു മാസങ്ങളില്‍ മെട്രോ, ടാക്‌സി, ബസ് തുടങ്ങിയ പൊതുഗതാഗത മാര്‍ഗ്ഗങ്ങളിലൂടെ 34.81 കോടി ആളുകള്‍ യാത്ര ചെയ്തതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. പ്രതിദിനം ശരാശരി 19 ലക്ഷം ആളുകളാണ് ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്.
ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ദുബായ് മെട്രോ തന്നെയാണ് ഇത്തവണയും ഏറ്റവും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ചത്. മൊത്തം യാത്രക്കാരുടെ 39.2 ശതമാനം പങ്കോടെ 13.65 കോടി ആളുകളാണ് റെഡ്, ഗ്രീന്‍ ലൈനുകളിലായി യാത്ര ചെയ്തത്. ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളില്‍ 8.4 ദശലക്ഷം യാത്രക്കാരുമായി ബര്‍ജുമാന്‍ ഒന്നാമതെത്തി. റെഡ് ലൈനില്‍ 6.4 ദശലക്ഷം യാത്രക്കാരുമായി അല്‍ റിഗ്ഗയും 4.9 ദശലക്ഷം യാത്രക്കാരുമായി ഗ്രീന്‍ ലൈനില്‍ ഷറഫ് ഡിജിയുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച മറ്റ് പ്രധാന സ്റ്റേഷനുകള്‍.
മെട്രോയ്ക്ക് പുറമെ ടാക്‌സികളെയും ബസുകളെയും ജനങ്ങള്‍ വന്‍തോതില്‍ ആശ്രയിച്ചു. 8.89 കോടി യാത്രക്കാരുമായി ടാക്‌സികള്‍ രണ്ടാമതും 8.51 കോടി യാത്രക്കാരുമായി പൊതു ബസുകള്‍ മൂന്നാമതുമുണ്ട്. കൂടാതെ ഷെയേര്‍ഡ് മൊബിലിറ്റിയിലൂടെ 2.57 കോടി ആളുകളും സമുദ്ര ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെ 81 ലക്ഷം പേരും ദുബായ് ട്രാം വഴി 38 ലക്ഷം പേരും യാത്ര ചെയ്തു.
.jpg)

