ദുബായ് അബുദാബി ഇത്തിഹാദ് റെയില്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി; സെപ്റ്റംബര്‍ 30 മുതല്‍ സര്‍വീസ്

ethihad rail

ദുബായിയെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന സര്‍വീസിനായുള്ള ബുക്കിങ് ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ആരംഭിച്ചിരിക്കുന്നത്.

യുഎഇ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുബായ് അബുദാബി ഇത്തിഹാദ് റെയില്‍ യാത്രാ സര്‍വീസിന്റെ ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിച്ചു. ദുബായിയെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന സര്‍വീസിനായുള്ള ബുക്കിങ് ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ആരംഭിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 30 മുതല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാനാകും. സെപ്റ്റംബര്‍ 30 ന് തന്നെയാണ് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സിലെ ദുബായ് അല്‍ യലായിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും. യുഎഇയുടെ പാസഞ്ചര്‍ റെയില്‍ ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായാണ് പുതിയ സ്റ്റേഷന്‍ തുറക്കുന്നത്.

ദുബായ്- അബുദാബി യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 39 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്. ദുബായില്‍ നിന്നും അബുദാബിയിലേക്കുള്ള കംഫര്‍ട്ട് ക്ലാസ് ടിക്കറ്റിന് 39 ദിര്‍ഹവും പ്രീമിയം ക്ലാസ് ടിക്കറ്റിന് 109 ദിര്‍ഹവുമാണ് കുറഞ്ഞ നിരക്ക്. അബുദാബി- ഫൂജൈറ റൂട്ടിലെ കംഫര്‍ട്ട് ക്ലാസ് നിരക്ക് 55 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ദുബായ് - അബുദാബി റൂട്ടിലുള്ളത്.

ദുബായ് സ്റ്റേഷന്‍ അബുദാബിയിലെ ഇത്തിഹാദ് റെയിലിന്റെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനിലേക്ക് നേരിട്ടുള്ള റെയില്‍ ബന്ധം ലഭ്യമാക്കും. യാത്രയ്ക്ക് ഏകദേശം 57 മിനിറ്റെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

Tags