ദുബായ് മുനിസിപ്പാലിറ്റിയുടെ 'വര്‍ക്ക് ഫ്രം പാര്‍ക്ക്' തുറന്നു
പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ യുഗത്തിലെ ജോലി സംസ്‌കാരത്തിന് പുതിയൊരു ദിശാബോധം നല്‍കുകയാണ് ഈ സംരംഭം.
ദുബായില്‍ ജോലിയും വിശ്രമവും ഒരേപോലെ സാധ്യമാക്കുന്ന ആദ്യത്തെ 'വര്‍ക്ക് ഫ്രം പാര്‍ക്ക്' കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. അല്‍ ബര്‍ഷ പോണ്ട് പാര്‍ക്കിലാണ് തികച്ചും ശാന്തമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ഈ അത്യാധുനിക സൗകര്യം സജ്ജീകരിച്ചിരിക്കുന്നത്. പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ യുഗത്തിലെ ജോലി സംസ്‌കാരത്തിന് പുതിയൊരു ദിശാബോധം നല്‍കുകയാണ് ഈ സംരംഭം.
പാര്‍ക്കിലെ കെട്ടിടങ്ങളുടെ മുകള്‍ഭാഗത്തും (റൂഫ് ടോപ്പുകള്‍) തണല്‍ വിരിച്ച പെര്‍ഗോളകള്‍ക്ക് കീഴിലുമുള്ള തുറസ്സായ സ്ഥലങ്ങളിലാണ് മനോഹരമായ ഔട്ട്ഡോര്‍ വര്‍ക്കിംഗ് സ്‌പേസുകള്‍ ഒരുക്കിയിട്ടുള്ളത്. തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ഏരിയകളില്‍ ജോലി ചെയ്യുന്നതിനായി മുന്‍കൂട്ടി ബുക്കിംഗുകള്‍ ഒന്നും തന്നെ ആവശ്യമില്ല. അതിവേഗ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന പ്രത്യേക ഫര്‍ണിച്ചറുകളും തണുപ്പ് നല്‍കുന്ന കൂളിംഗ് സംവിധാനങ്ങളും ഇവിടെ അധികൃതര്‍ സ്ഥാപിക്കും.
കൂടുതല്‍ സവിശേഷ സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി എയര്‍കണ്ടീഷന്‍ ചെയ്ത ഇന്‍ഡോര്‍ വര്‍ക്ക്സ്പേസുകളും പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കുന്ന ഇന്‍ഡോര്‍ കോ-വര്‍ക്കിംഗ് സ്‌പേസുകള്‍ ദിവസം 50 ദിര്‍ഹം നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. അണ്‍ലിമിറ്റഡ് കോഫിയും അതിവേഗ ഇന്റര്‍നെറ്റും ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു.
.jpg)

