റിയാദില്‍ ഇനി ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങള്‍

delivery vehicles

ഭാവിയിലെ സ്മാര്‍ട്ട് ലോജിസ്റ്റിക്‌സ് സംവിധാനങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്.

ഡ്രൈവറില്ലാ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനത്തിന്റെ ആദ്യ പരീക്ഷണ പദ്ധതി റിയാദില്‍ ആരംഭിച്ചു. ആധുനിക സാങ്കേതികവിദ്യകളും നവീന ഗതാഗത പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടിജിഎ) ഈ പദ്ധതി നടപ്പാക്കുന്നത്. ഭാവിയിലെ സ്മാര്‍ട്ട് ലോജിസ്റ്റിക്‌സ് സംവിധാനങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്.

റിയാദിലെ അല്‍ ഫലാഹ് ജില്ലയിലാണ് സ്വയം നിയന്ത്രിത ഡെലിവറി വാഹനങ്ങളുടെ പരീക്ഷണ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താവ് ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കുന്നതോടെ സാധനങ്ങള്‍ വാഹനത്തില്‍ ലോഡ് ചെയ്യുകയും തുടര്‍ന്ന് വാഹനം സ്വയം ലക്ഷ്യസ്ഥാനത്ത് എത്തിച്ച് വിതരണം നടത്തുകയും ചെയ്യും. ഈ വാഹനങ്ങളില്‍ ലെവല്‍ 4 ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. 360 ഡിഗ്രി സെന്‍സര്‍ കവറേജ്, റിമോട്ട് ഓപ്പറേഷന്‍സ് സെന്ററില്‍ നിന്നുള്ള തത്സമയ നിരീക്ഷണം, അടിയന്തര സാഹചര്യങ്ങളില്‍ ഉടന്‍ നിര്‍ത്താനുള്ള സംവിധാനങ്ങള്‍ എന്നിവയും വാഹനങ്ങളിലുണ്ട്.

പദ്ധതിയിലൂടെ ഡെലിവറി ചെലവ് 85 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് ടിജിഎ പ്രതീക്ഷിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങള്‍ പ്രവര്‍ത്തന സമയത്ത് കാര്‍ബണ്‍ പുറന്തള്ളല്‍ ഉണ്ടാക്കില്ലെന്നും റോഡുകളിലെ ശബ്ദ മലിനീകരണം കുറയ്ക്കാനും സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഭാവിയില്‍ സ്മാര്‍ട്ട് ഗതാഗത സംവിധാനങ്ങളും നൂതന ലോജിസ്റ്റിക്‌സ് പരിഹാരങ്ങളും വ്യാപകമായി നടപ്പാക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പായാണ് ഈ പരീക്ഷണ പദ്ധതിയെ വിലയിരുത്തുന്നത്.

Tags