ഒമാനില്‍ ആഭ്യന്തര ഡിജിറ്റല്‍ പണമിടപാടുകള്‍ ഇനി സൗജന്യം; ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍
പുതിയ പരിഷ്‌കാരങ്ങള്‍ 2026 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് വന്‍ പ്രോത്സാഹനം നല്‍കുന്ന നിര്‍ണായക തീരുമാനവുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. വ്യക്തികള്‍ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും രാജ്യത്തിനകത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു. പുതിയ പരിഷ്‌കാരങ്ങള്‍ 2026 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് പുതിയ നടപടി. രാജ്യത്തെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുക, സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുക എന്നിവയാണ് ഈ പരിഷ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം, ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റം, ഇന്‍സ്റ്റന്റ് പേയ്മെന്റ് സിസ്റ്റം എന്നിവ വഴി വ്യക്തികളും ചെറുകിട-ഇടത്തരം സംരംഭങ്ങളും നടത്തുന്ന ആഭ്യന്തര ഡിജിറ്റല്‍ പണമിടപാടുകള്‍ ഇനി മുതല്‍ തികച്ചും സൗജന്യമായിരിക്കും. മൊബൈല്‍ നമ്പറോ മറ്റ് ഡിജിറ്റല്‍ ഐഡന്റിഫയറുകളോ ഉപയോഗിച്ച് നടത്തുന്ന തല്‍ക്ഷണ പണമിടപാടുകള്‍ക്കും ഇനി ഫീസ് ഈടാക്കില്ല.
.jpg)

