ദുബായിൽ 26 ലക്ഷം ദിർഹത്തിന്റെ ക്രിപ്റ്റോ തട്ടിപ്പ്; ആറുപേർ അറസ്റ്റിൽ

Land scam case: Trinamool Congress MP Abhishek Banerjee's PA Sumit Roy arrested

 ദുബായ് : ദുബായിൽ ക്രിപ്റ്റോ കറൻസി ഇടപാടിന്റെ പേരിൽ 26 ലക്ഷം ദിർഹത്തിന്റെ തട്ടിപ്പ് നടത്തിയ ആറംഗ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണവും ഡിജിറ്റൽ ആസ്തികളും കണ്ടെത്തി സുരക്ഷിതമാക്കിയതായും പൊലീസ് അറിയിച്ചു.

ക്രിപ്റ്റോ കറൻസി വാങ്ങുന്നതിനായി വലിയൊരു തുകയുമായി എത്തിയ വ്യക്തിയാണ് തട്ടിപ്പിനിരയായത്. ഇതിനായി ലൈസൻസില്ലാത്ത എക്സ്ചേഞ്ചിനെ സമീപിച്ച ഇയാൾ സംഘത്തിലെ ചിലരുമായി ഇടപാട് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് രണ്ട് മില്യൺ ദിർഹം പണമായും ആറു ലക്ഷം ദിർഹത്തിന്റെ ക്രിപ്റ്റോ കറൻസിയും നഷ്ടമായി.

ഇടപാടിന്റെ ഭാഗമായി ഇരയുടെ ഡിജിറ്റൽ ആസ്തികൾ തിരിച്ചറിയൽ മറച്ചുവെക്കാൻ കഴിയുന്ന ഡിജിറ്റൽ വാലറ്റുകളിലേക്ക് മാറ്റിയ ശേഷം പ്രതികൾ പണവുമായി കടന്നുകളയുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. ഫീൽഡ് അന്വേഷണത്തിനൊപ്പം ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഡിജിറ്റൽ വാലറ്റുകളിലൂടെയുള്ള പണത്തിന്റെ നീക്കവും പരിശോധിച്ചു. തുടർന്നാണ് ആറുപേരെയും അറസ്റ്റ് ചെയ്തത്. മോഷ്ടിക്കപ്പെട്ട ഡിജിറ്റൽ ആസ്തികൾ മറ്റൊരു വാലറ്റിലേക്ക് മാറ്റുന്നതിന് മുമ്പ് കണ്ടെത്തി സുരക്ഷിതമാക്കാനും അന്വേഷണസംഘത്തിന് സാധിച്ചു.

ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ വഴിയും പരിചയമില്ലാത്ത ഇടനിലക്കാർ വഴിയും ക്രിപ്റ്റോ ഇടപാടുകൾ നടത്തരുതെന്ന് ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Tags