അഴിമതിയും പദവി ദുരുപയോഗവും; സൗദിയില്‍ 108 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

arrest

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സുതാര്യതയും സമഗ്രതയും ഉറപ്പുവരുത്തുന്നതിനായി ഓഗസ്റ്റില്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ 2,659 നിരീക്ഷണ പരിശോധനകളാണ് നടത്തിയത്.

സൗദി അറേബ്യയില്‍ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തില്‍ 108 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് അഴിമതി വിരുദ്ധ അതോറിറ്റി. കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്. അറസ്റ്റിലായ ചിലരെ തുടര്‍ന്നുള്ള നിയമനടപടികള്‍ക്ക് വിധേയമായി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സുതാര്യതയും സമഗ്രതയും ഉറപ്പുവരുത്തുന്നതിനായി ഓഗസ്റ്റില്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ 2,659 നിരീക്ഷണ പരിശോധനകളാണ് നടത്തിയത്. സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 352 സര്‍ക്കാര്‍ ജീവനക്കാരെ കഴിഞ്ഞ മാസം അന്വേഷണവിധേയമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 108 ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ആഭ്യന്തരം, ആരോഗ്യം, നീതിപീഠം (ജസ്റ്റിസ്), വാണിജ്യം, മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിംഗ് എന്നീ മന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് പിടിയിലായത്. കൈക്കൂലി വാങ്ങല്‍, സ്വന്തം പദവി ദുരുപയോഗം ചെയ്ത് ക്രമക്കേട് നടത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അഴിമതിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന സൗദി സര്‍ക്കാര്‍, എല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പരിശോധനകള്‍ തുടരുമെന്നും വ്യക്തമാക്കി.

Tags