കുവൈത്തിൽ കമ്പനി പാർട്ണർമാർക്ക് ആശ്വാസം; വർക്ക് പെർമിറ്റ് പുതുക്കൽ ഇനി ‘അസ്ഹൽ’ വഴി

lap

കുവൈത്ത് സിറ്റി : കുവൈത്ത്‌ മാനവശേഷി അതോറിറ്റി കമ്പനി പാർട്ണർമാർക്ക് സ്വന്തം വർക്ക് പെർമിറ്റ് ഓൺലൈനായി പുതുക്കാനാകുന്ന പുതിയ ഇ– സേവനം ആരംഭിച്ചു . സേവനം കൂടുതൽ ലളിതവും വേഗത്തിലുമാക്കാനാണ് ‘അസ്ഹൽ’ ഓൺലൈൻ പോർട്ടലിലൂടെ പുതിയ സൗകര്യം നടപ്പാക്കിയത്. ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറക്കിയ അറിയിപ്പിലാണ് അതോറിറ്റി പുതിയ സേവനത്തിന്റെ വിശദാംശം വ്യക്തമാക്കിയത്. ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ ഭാഗമായാണ്‌ നടപടി.

പുതിയ സംവിധാനത്തിലൂടെ കമ്പനി പാർട്ണർമാർക്ക് സർവീസ് സെന്ററുകൾ സന്ദർശിക്കാതെയും ഓഫീസ്‌ നടപടികൾക്കായി കാത്തിരിക്കാതെയും സ്വന്തം വർക്ക് പെർമിറ്റ് എളുപ്പത്തിൽ പുതുക്കാനാകും. ‘അസ്ഹൽ’ പോർട്ടലിൽ നേരിട്ട് പ്രവേശിച്ച് സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമായ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ അപേക്ഷാ നടപടികൾ പൂർത്തിയാക്കാമെന്ന് അതോറിറ്റി അറിയിച്ചു. സേവനങ്ങൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാനായി പുതിയ ഡിജിറ്റൽ ഇന്റർഫേസും ഒരുക്കിയിട്ടുണ്ട്‌.

ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യാനുള്ള സമഗ്രപദ്ധതിയുടെ ഭാഗമായാണ് പുതിയ സേവനം. ഇടപാടുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ് നടപടി. ഇലക്‌ട്രോണിക് സേവന സംവിധാനങ്ങൾ തുടർച്ചയായി വികസിപ്പിച്ച് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാനും ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്നും മാനവശേഷി അതോറിറ്റി അറിയിച്ചു.

Tags