സൗദിക്ക് നേരെയുള്ള ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങൾ തകർത്ത് സഖ്യസേന
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ വ്യോമാക്രമണ ശ്രമങ്ങൾ അറബ് സഖ്യസേന വിജയകരമായി തകർത്തു. രാജ്യത്തിന്റെ കിഴക്കൻ മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖല ലക്ഷ്യമാക്കി അയച്ച നാല് ഡ്രോണുകളും വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ നശിപ്പിച്ചതായി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും സംരക്ഷണത്തിനുമായി സഖ്യസേന പ്രത്യേക സൈനിക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായ ആത്മരക്ഷാ അവകാശം വിനിയോഗിച്ച് ഹൂതികളുടെ ഭീഷണി ഉറവിടങ്ങൾ നിർവീര്യമാക്കുമെന്നും വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തെക്കൻ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത്, അഹദ് അൽ റുഫൈദ എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. സൗദി സേന തടഞ്ഞുനശിപ്പിച്ച മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ചാണ് ഒരു സൗദി പൗരനും ഏഷ്യൻ പ്രവാസിക്കും പരിക്കേറ്റത്. സംഭവത്തിൽ പ്രദേശത്തെ നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
.jpg)


