മനാമ സൂഖിലെ കാർ പാർക്കിങ് കെട്ടിടങ്ങൾ ‘അമാകിൻ’ കമ്പനിക്ക് നടത്തിപ്പിന് നൽകാൻ കരാർ

മനാമ : മനാമ സൂഖിലെ കാർ പാർക്കിങ് കെട്ടിടങ്ങൾ ‘അമാകിൻ’ കമ്പനിക്ക് നടത്തിപ്പിന് നൽകാൻ കരാർ. മുനിസിപ്പൽ, കാർഷിക മന്ത്രാലയവും അമാകിൻ കമ്പനിയും തമ്മിലാണ് ഇതുസംബന്ധിച്ച് കരാർ ഒപ്പുവെച്ചത്. സ്വകാര്യ മേഖലയുമായി സഹകരിച്ച് വികസനവും വളർച്ചയും ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് അഭിപ്രായപ്പെട്ടു.
പഴയ മനാമ സൂഖിലുള്ള കാർ പാർക്കിങ് കെട്ടിടങ്ങളാണ് നടത്തിപ്പിന് നൽകുന്നത്. സർക്കാർ ഭൂമികളിലും കെട്ടിടങ്ങളിലും നിക്ഷേപ പദ്ധതികൾ വഴി സർക്കാറിന് വരുമാനം വർധിപ്പിക്കാനും ഇത് വഴിയൊരുക്കും. എട്ടു നിലയുള്ള കാർ പാർക്കിങ് കെട്ടിടം, താഴെ ഭാഗത്തുള്ള ഷോപ്പുകൾ, ഓഫിസുകൾ എന്നിവയാണ് നടത്തിപ്പിന് നൽകുന്നത്. 15 വർഷത്തേക്കാണ് കമ്പനി കെട്ടിടം ഏറ്റെടുത്തിട്ടുള്ളത്. എട്ടു ലക്ഷം ദീനാറാണ് കരാർ തുക.