ബഹ്‌റൈന്‍ താമസക്കാരെ ആശങ്കയിലാക്കി ഒട്ടക ചിലന്തി'

spider
spider

നോര്‍ത്തേണ്‍ കൗണ്‍സിലര്‍ അബ്ദുള്ള അഷൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

ബഹ്‌റൈനിലെ അല്‍ റാംലിയില്‍ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ വിചിത്രജീവിയെ തിരിച്ചറിഞ്ഞു. എട്ട് കാലുകളുള്ള ഈ ജീവിയെ ആരും ഇതുവരെ കണ്ടിട്ടില്ലാത്തതിനാല്‍ അന്യഗ്രഹ പ്രാണിയാണെന്നായിരുന്നു എല്ലാവരും ആദ്യം സംശയിച്ചിരുന്നത്. പിന്നീടാണ് ഇത് ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരിച്ചത്. നോര്‍ത്തേണ്‍ കൗണ്‍സിലര്‍ അബ്ദുള്ള അഷൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

ഈ ജീവിയുടെ കുത്തേറ്റാല്‍ അസഹനീയമായ വേദനയുണ്ടാകുമെന്നും എന്നാല്‍, ഇതിന് വിഷമില്ലാത്തതിനാല്‍ മനുഷ്യര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
തണുപ്പ് കാലങ്ങളില്‍ ഈ ജീവികളെ പുറത്ത് കാണാന്‍ കഴിയില്ല. എന്നാല്‍ കാലാവസ്ഥ മാറുകയും താപനില ഉയരുകയും ചെയ്യുന്നതോടെ ഇവയെ പുറത്ത് കാണാന്‍ കഴിയും. ഈ ഒട്ടക ചിലന്തികള്‍ മാംസഭോജികളാണ്. പ്രാണികള്‍, എലികള്‍, പല്ലികള്‍ എന്നിവയൊക്കെയാണ് പ്രധാന ഭക്ഷണം. ഗാലിയോഡ്‌സ് അറബ്‌സ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഒരു വര്‍ഷം വരെ മാത്രമാണ് ഇതിന് ആയുസ്സ് ഉള്ളത്. ഇവ യഥാര്‍ത്ഥത്തില്‍ ചിലന്തികളല്ല, സോള്‍പ്യൂഗിഡ്‌സ് എന്ന വിഭാഗത്തില്‍പ്പെട്ടവയാണ്. മരുഭൂമികളില്‍ മാത്രമല്ലാതെ പച്ചക്കറി കൃഷിയിടങ്ങളിലും ഇവയെ കാണാന്‍ കഴിയും. സൗദി അറേബ്യയില്‍ നിന്നുമുള്ള പഴം-പച്ചക്കറി കയറ്റുമതിയിലൂടെയായിരിക്കാം ഈ ജീവികള്‍ ബഹ്‌റൈനിലെത്തിയതെന്ന് അഷൂര്‍ സംശയം പ്രകടിപ്പിച്ചു. മാര്‍ച്ച് അവസാനത്തോടെയും ഏപ്രിലിന്റെ തുടക്കത്തിലുമാണ് സാധാരണയായി ഒട്ടക ചിലന്തികള്‍ പുറം പ്രദേശങ്ങളില്‍ സജീവമാകുന്നത്. 


 

Tags