ജനന, മരണ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി താം ആപ്പ് വഴി; അബുദാബിയില്‍ പുതിയ ഡിജിറ്റല്‍ സംവിധാനം
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സേവനങ്ങള്‍ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കാരം.
അബുദാബിയില്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനും അവ അറ്റസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികള്‍ ഇനി അതിവേ?ഗം പൂര്‍ത്തിയാക്കാം. യുഎഇ വിദേശകാര്യ മന്ത്രാലയവും അബുദാബി ആരോഗ്യ വകുപ്പും കൈകോര്‍ത്ത് അബുദാബി ഗവണ്‍മെന്റ് പ്ലാറ്റ്ഫോമായ 'താം' ആപ്പ് വഴിയാണ് ഈ പുതിയ ഡിജിറ്റല്‍ സേവനം ലഭ്യമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സേവനങ്ങള്‍ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കാരം.
ഇതോടെ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി മുതല്‍ ആളുകള്‍ക്ക് ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഏതാനും മിനിറ്റുകള്‍ക്കകം അപേക്ഷ സമര്‍പ്പിക്കാനും സാക്ഷ്യപ്പെടുത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും. മുന്‍പ് ഒന്നിലധികം ഓഫീസുകളെയും വെബ്സൈറ്റുകളെയും മാറിമാറി ആശ്രയിക്കേണ്ടി വന്നിരുന്ന അവസ്ഥയ്ക്കാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്. പൂര്‍ണ്ണമായും ഓണ്‍ലൈനായതിനാല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വീടുകളിലിരുന്ന് തന്നെ ഏതു സമയത്തും ഈ സേവനം ഉപയോഗപ്പെടുത്താം.
വ്യത്യസ്ത പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി സ്മാര്‍ട്ട് ഭരണസംവിധാനം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലാര്‍ കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ശൈഖ ഹെസ്സ ബിന്‍ത് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ പറഞ്ഞു. നടപടിക്രമങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കാനും കൂടുതല്‍ ഗുണനിലവാരമുള്ള സേവനങ്ങള്‍ വേഗത്തില്‍ എത്തിക്കാനും ഈ സഹകരണം സഹായിക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് സ്ഥാപന ശാക്തീകരണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലഫ് ഹിലാല്‍ അല്‍ മസ്രൂയി വ്യക്തമാക്കി.
പുതിയ ഡിജിറ്റല്‍ സംയോജനത്തിലൂടെ സേവനങ്ങളുടെ സമയത്തിലും നടപടിക്രമങ്ങളിലും 90 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മുന്‍വര്‍ഷം മാത്രം 47,000-ത്തോളം ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ അബുദാബിയില്‍, ആയിരക്കണക്കിന് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും പുതിയ മാറ്റം വന്‍ ആശ്വാസമാകും. ജനങ്ങള്‍ക്ക് ആവശ്യമായ മികച്ച കമ്മ്യൂണിറ്റി-ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ ഭാവിയിലും കൂടുതല്‍ സാങ്കേതിക മുന്നേറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
.jpg)

