പ്രവാസികള്‍ക്ക് വമ്പന്‍ ഓഫര്‍; കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകളുമായി ഒമാന്‍ എയറിന്റെ 'ഗ്ലോബല്‍ സെയില്‍'
ഒക്ടോബര്‍ ഒന്നു വരെ മാത്രമാണ് ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുക.
ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ വിദേശ യാത്രക്കാര്‍ക്കായി ആകര്‍ഷകമായ പുതിയ 'ഗ്ലോബല്‍ സെയില്‍' ഓഫറുകള്‍ പ്രഖ്യാപിച്ചു. പ്രഖ്യാപനം അനുസരിച്ച്, ഒമാന്‍ എയറിന്റെ വിവിധ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് വെറും 35 ഒമാനി റിയാല്‍ മുതലുള്ള കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും. വരും ദിവസങ്ങളില്‍ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ പ്രഖ്യാപനം.
ഒക്ടോബര്‍ ഒന്നു വരെ മാത്രമാണ് ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുക. ഈ കാലയളവില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 2026 നവംബര്‍ ഒന്നു മുതല്‍ 2027 മാര്‍ച്ച് എട്ടു വരെയുള്ള തീയതികളില്‍ യാത്ര ചെയ്യാവുന്നതാണ്. പ്രവാസി മലയാളി കുടുംബങ്ങള്‍ക്കും അവധിക്കാല യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കും ഈ ഓഫര്‍ വലിയ രീതിയില്‍ പ്രയോജനപ്പെടും.
ഇക്കണോമി, ബിസിനസ് ക്ലാസുകളിലെ വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഈ ഓഫര്‍ ആനുകൂല്യം ലഭ്യമാണ്. കൂടാതെ, അധികമായി കൊണ്ടുപോകുന്ന ബാഗേജിന്റെ ചാര്‍ജില്‍ 50 ശതമാനം വരെ ഇളവും, ഇഷ്ടമുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കുന്നതിന് 10 ശതമാനം വരെ ഇളവും യാത്രക്കാര്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാല്‍ ഇന്റര്‍ലൈന്‍, കോഡ്ഷെയര്‍ സര്‍വീസുകള്‍ക്ക് ഈ നിരക്കുകള്‍ ബാധകമായിരിക്കില്ല. ഓരോ റൂട്ടിലെയും ടിക്കറ്റ് നിരക്കുകളും മറ്റ് നിബന്ധനകളും ബുക്ക് ചെയ്യുന്ന സമയത്ത് കൃത്യമായി പരിശോധിക്കണമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
.jpg)

