എണ്ണയിതര സാമ്പത്തിക മേഖലകളില്‍ നേട്ടം കൈവരിച്ച് ബഹ്‌റൈന്‍

bahrain

എണ്ണയിതര മേഖലകള്‍ സ്ഥിരവിലയില്‍ 2.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് ബഹ്‌റൈന്‍ കൈവരിച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും 2026-ലെ ആദ്യ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) എണ്ണയിതര സാമ്പത്തിക മേഖലകളില്‍ നേട്ടം കൈവരിച്ച് ബഹ്‌റൈന്‍. ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, എണ്ണയിതര മേഖലകള്‍ സ്ഥിരവിലയില്‍ 2.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് ബഹ്‌റൈന്‍ കൈവരിച്ചത്.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ബഹ്‌റൈന്‍ സമ്പദ്വ്യവസ്ഥ മികച്ച മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ നേരിട്ട അപ്രതീക്ഷിത പ്രതിസന്ധികള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രധാനമായും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സമുദ്രഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എണ്ണ കയറ്റുമതി ശേഷിയെ പ്രതികൂലമായി ബാധിച്ചു. ഇതിനൊപ്പം നിശ്ചിത അറ്റകുറ്റപ്പണികളും ചേര്‍ന്നതോടെ ആദ്യ പാദത്തില്‍ എണ്ണ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ 37.2 ശതമാനത്തിന്റെ വലിയ ഇടിവുണ്ടായി.

എണ്ണ മേഖലയിലുണ്ടായ ഈ തകര്‍ച്ച കാരണം ആദ്യ പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പ്പാദനം (ഏഉജ) വാര്‍ഷികാടിസ്ഥാനത്തില്‍ 3.8 ശതമാനം ചുരുങ്ങി. നിലവിലെ വിലയില്‍ കണക്കാക്കുമ്പോള്‍ ജിഡിപിയില്‍ 2.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. എന്നിരുന്നാലും ഇത്തരം പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിച്ച് എണ്ണയിതര മേഖലകള്‍ ശക്തമായ മുന്നേറ്റം തുടര്‍ന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ആശ്വാസമായി.

Tags