നഗരസൗന്ദര്യം കൂട്ടാന്‍ ബഹ്റൈനില്‍ പുതിയ നിയമം വരുന്നു
ഓരോ കടകളും വ്യത്യസ്ത രീതികളിലാണ് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.
ബഹ്റൈനിലെ വാണിജ്യ മേഖലകളുടെ ദൃശ്യഭംഗി വര്‍ധിപ്പിക്കുന്നതിനും നഗരങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നതിനുമായി കടകളുടെ സൈന്‍ബോര്‍ഡുകള്‍ക്ക് ഏകീകൃത മാനദണ്ഡങ്ങള്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തിന് ദക്ഷിണ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സില്‍ അംഗം മുഹമ്മദ് ദരാജ് അവതരിപ്പിച്ച ഈ നിര്‍ദേശം രാജ്യത്തെ വാണിജ്യ തെരുവുകള്‍ക്ക് ഒരു പുതിയ മുഖച്ഛായ നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
നിലവില്‍ ഏകീകൃതമായ ഒരു നിയമം ഇല്ലാത്തതു കാരണം ഓരോ കടകളും വ്യത്യസ്ത രീതികളിലാണ് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഇത് പലപ്പോഴും നഗരത്തിന്റെ സ്വാഭാവിക ഭംഗിയെയും ദൃശ്യചാരുതയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് മുഹമ്മദ് ദരാജ് ചൂണ്ടിക്കാട്ടി. പുതിയ പദ്ധതി പ്രകാരം ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ബോര്‍ഡുകളുടെ വലുപ്പം, ഡിസൈന്‍, നിറം, അവ സ്ഥാപിക്കേണ്ട കൃത്യമായ സ്ഥലം എന്നിവയ്ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കും.
കടകളുടെയോ ബിസിനസുകളുടെയോ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയല്ല ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. മറിച്ച്, വാണിജ്യ മേഖലകളെ കൂടുതല്‍ ചിട്ടയുള്ളതും ആകര്‍ഷകവുമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
.jpg)

