ദുബായില്‍ വീടുകളുടെ ലഭ്യത വര്‍ദ്ധിച്ചു; വാടക നിരക്കുകള്‍ കുറയുന്നു

dubai

പ്രധാനപ്പെട്ട പത്ത് അപാര്‍ട്‌മെന്റ് മേഖലകളില്‍ ഒമ്പതിടത്തും വീടുകള്‍ ധാരാളമായി വിപണിയിലെത്തിയതോടെ വാടക നിരക്കുകള്‍ ഇടിയുകയായിരുന്നു.

ദുബായില്‍ വാടകയ്ക്കായി ലഭ്യമായ വീടുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ കെട്ടിട വാടക നിരക്കുകള്‍ താഴേക്ക്. 2025-ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2026-ന്റെ മൂന്നാം പാദത്തില്‍ ദുബായിലെ ഭൂരിഭാഗം റെസിഡന്‍ഷ്യല്‍ മേഖലകളിലും താമസസ്ഥലങ്ങളുടെ ലഭ്യത വര്‍ദ്ധിച്ചതാണ് വാടകയില്‍ ഗണ്യമായ കുറവുണ്ടാകാന്‍ കാരണമെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്ഫോമായ പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍ വ്യക്തമാക്കുന്നു. പ്രധാനപ്പെട്ട പത്ത് അപാര്‍ട്‌മെന്റ് മേഖലകളില്‍ ഒമ്പതിടത്തും വീടുകള്‍ ധാരാളമായി വിപണിയിലെത്തിയതോടെ വാടക നിരക്കുകള്‍ ഇടിയുകയായിരുന്നു. ജുമൈറ വില്ലേജ് സര്‍ക്കിള്‍, ബിസിനസ് ബേ, ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മരീന, അര്‍ജാന്‍, ദുബായ് ക്രീക്ക് ഹാര്‍ബര്‍, എംബിആര്‍ സിറ്റി, മേദാന്‍, പാം ജുമൈറ എന്നീ മുന്‍നിര കേന്ദ്രങ്ങളിലെല്ലാം താമസക്കാര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. അതേസമയം ദുബായ് ഹില്‍സ് എസ്റ്റേറ്റില്‍ മാത്രമാണ് നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നത്.

വാടകക്കാരുടെ ആവശ്യത്തേക്കാള്‍ കൂടുതല്‍ വീടുകള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതാണ് വിപണിയിലെ ഈ മാറ്റത്തിന് പ്രധാന കാരണം. 2025 സെപ്റ്റംബറിനെ അപേക്ഷിച്ച് 2026 സെപ്റ്റംബറില്‍ പ്രതിദിനം വാടകയ്ക്കായി വിപണിയിലെത്തുന്ന അപാര്‍ട്‌മെന്റുകളുടെ എണ്ണത്തില്‍ 55.1 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണുണ്ടായത്. എന്നാല്‍ ഇതിനനുസരിച്ച് വാടകക്കാരുടെ അന്വേഷണങ്ങളില്‍ 15.4 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. വിപണിയില്‍ ആവശ്യത്തിന് വീടുകള്‍ ലഭ്യമായതോടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഓരോ കെട്ടിടത്തിനും ലഭിക്കുന്ന അന്വേഷണങ്ങളുടെ എണ്ണത്തില്‍ ശരാശരി 23 ശതമാനത്തിന്റെ കുറവുണ്ടായതായി പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍ ചീഫ് റെവന്യൂ ഓഫീസര്‍ ഷെരീഫ് സ്ലീമാന്‍ ചൂണ്ടിക്കാട്ടി.

Tags