ഫുജൈറയിൽ 23 വാഹനങ്ങൾ കൂട്ടിയിടിച്ചു, പ്രവാസികളടക്കം 14 പേർ മരിച്ചു, 30 പേർക്ക് പരിക്ക്
നിയന്ത്രണം വിട്ട ഒരു ട്രക്ക് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടത്തിന്റെ തുടക്കം.
ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 18 ചെറുവാഹനങ്ങളും അഞ്ച് ട്രക്കുകളും ഉൾപ്പെടെ 23 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ഒരു ട്രക്ക് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടത്തിന്റെ തുടക്കം. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ ഈ വാഹനം, ഗതാഗതക്കുരുക്ക് കാരണം സാവധാനം നീങ്ങിക്കൊണ്ടിരുന്ന മറ്റ് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ട്രക്കിന് തീപിടിക്കുകയും തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയും ചെയ്തത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു
പരിക്കേറ്റ 30 പേരിൽ 15 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ളവർ ആരോഗ്യനിലയ്ക്ക് അനുസരിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇമറാത്തി, ഒമാനി, ഇന്ത്യൻ, ബ്രസീലിയൻ, പാകിസ്താനി, ജോർദാനിയൻ, ഈജിപ്ഷ്യൻ പൗരന്മാരാണ് പരിക്കേറ്റവരിലുള്ളത്. മരിച്ചവരിൽ ഇമറാത്തി പൗരന്മാരും വിദേശികളുമുണ്ട്. കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.എമിറേറ്റിന്റെ അതിർത്തിയിലുള്ള ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് ഫുജൈറ പൊലീസ് വ്യക്തമാക്കി.
.jpg)

