സൗദി അറേബ്യയിലെ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ പ്രത്യേക പോര്‍ട്ടബിള്‍ 'ബോഡി ക്യാമറകള്‍' ധരിക്കണം
പരിശോധനാ വേളയിലെ ദൃശ്യങ്ങളും ശബ്ദവും തത്സമയം പകര്‍ത്തി മന്ത്രാലയത്തിന്റെ 'മുംതസില്‍' ആപ്പിലേക്ക് നേരിട്ട് ബന്ധിപ്പിക്കാന്‍ ഈ ക്യാമറകള്‍ക്ക് കഴിയും.
സൗദി അറേബ്യയിലെ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭക്ഷ്യ സ്ഥാപനങ്ങളിലും നിരീക്ഷണവും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനായി വിപ്ലവാത്മക മാറ്റങ്ങളുമായി മുനിസിപ്പല്‍ മന്ത്രാലയം. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ ഇനി ശരീരത്തില്‍ ധരിക്കുന്ന പ്രത്യേക പോര്‍ട്ടബിള്‍ 'ബോഡി ക്യാമറകള്‍' അധികൃതര്‍ നിര്‍ബന്ധമാക്കി. റെസ്റ്റോറന്റുകളിലെയും മറ്റ് ഭക്ഷ്യ ശാലകളിലെയും നിയമലംഘനങ്ങളും സുരക്ഷാ വീഴ്ചകളും യാതൊരു തര്‍ക്കങ്ങള്‍ക്കും ഇടയില്ലാത്തവിധം കൃത്യമായി രേഖപ്പെടുത്താനാണ് സ്മാര്‍ട്ട് നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
പരിശോധനാ വേളയിലെ ദൃശ്യങ്ങളും ശബ്ദവും തത്സമയം പകര്‍ത്തി മന്ത്രാലയത്തിന്റെ 'മുംതസില്‍' ആപ്പിലേക്ക് നേരിട്ട് ബന്ധിപ്പിക്കാന്‍ ഈ ക്യാമറകള്‍ക്ക് കഴിയും. ഫീല്‍ഡ് പരിശോധനകളില്‍ ഉയര്‍ന്ന സുതാര്യത ഉറപ്പുവരുത്താനും ഉദ്യോഗസ്ഥരുടെയും സ്ഥാപന ഉടമകളുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കാനും ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും. വ്യാജ ആരോപണങ്ങള്‍ ഒഴിവാക്കാനും അനാവശ്യ തര്‍ക്കങ്ങള്‍ പരിഹരിക്കാനും, ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താനും ഇതിലൂടെ സാധിക്കും.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വലിയ പരിഷ്‌കാരങ്ങളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്. തൊഴിലാളികളുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലാക്കുക, ജീവനക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനങ്ങള്‍ നല്‍കുക, ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി വൃത്തിയും ആരോഗ്യവും ഉറപ്പാക്കുക തുടങ്ങിയ വിവിധ സുരക്ഷാ നടപടികളും ഇതിനകം ശക്തമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റികളും ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകളും സംയുക്തമായാണ് സൗദിയിലുടനീളം ഈ സമഗ്ര പരിശോധനകള്‍ നടത്തുന്നത്.
.jpg)

