വിമാനയാത്ര നടത്തുന്നവര്‍ക്ക് ഓണസദ്യ ആസ്വദിക്കാന്‍ അവസരമൊരുക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്

onam sadhya

യാത്രയ്ക്ക് 18 മണിക്കൂര്‍ മുമ്പ് വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ സദ്യ ഓര്‍ഡര്‍ ചെയ്യാം.

ഈ ഓണക്കാലത്ത് വിമാനയാത്ര നടത്തുന്നവര്‍ക്ക് ഓണസദ്യ ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തില്‍ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കും തിരിച്ചുമായി യാത്ര ചെയ്യുന്നവര്‍ക്കുമാണ് ഈ അപൂര്‍വ വിരുന്ന് ആസ്വദിക്കാന്‍ സാധിക്കുക. ഓഗസ്റ്റ് 15 മുതല്‍ 31 വരെയുള്ള തീയതികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മുന്‍കൂട്ടി ഓണസദ്യ തിരഞ്ഞെടുക്കാവുന്നതാണ്.

യാത്രയ്ക്ക് 18 മണിക്കൂര്‍ മുമ്പ് വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ സദ്യ ഓര്‍ഡര്‍ ചെയ്യാം. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എയര്‍ ഇന്ത്യ ഗ്രൂപ്പ് മാര്‍ക്കറ്റിങ്, ഇ-കോമേഴ്സ് മേധാവി സുനില്‍ സുരേഷും ചടങ്ങില്‍ പങ്കെടുത്തു. ആകാശത്ത് ഓണസദ്യ ഒരുക്കുന്നതിലൂടെ കേരളത്തിന്റെ സ്വന്തം ഉത്സവമായ ഓണത്തിന്റെ ഗൃഹാതുരത്വവും സംസ്‌കാരവും ലോകമെമ്പാടും എത്തിക്കാന്‍ സാധിക്കുമെന്ന് മന്ത്രി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.

ഓണത്തിന്റെ തനിമ ഒട്ടും ചോരാതെ പരമ്പരാഗത രീതിയില്‍ വാഴയിലയിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വിഭവങ്ങള്‍ വിളമ്പുന്നത്. മട്ട അരി, നെയ്, പരിപ്പ്, തോരന്‍, എരിശ്ശേരി, അവിയല്‍, കൂട്ടുകറി, സാമ്പാര്‍, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാര്‍, ഏത്തക്ക ഉപ്പേരി, ശര്‍ക്കര വരട്ടി, പാലട പ്രഥമന്‍ എന്നിവ അടങ്ങിയതാണ് ഈ വിഭവസമൃദ്ധമായ സദ്യ. കസവ് കരയുടെ ഡിസൈനില്‍ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഇത് യാത്രക്കാരുടെ കയ്യിലെത്തുന്നത്. 500 രൂപയാണ് സദ്യയുടെ നിരക്ക്.

Tags