ഇന്ത്യന്‍ സഞ്ചാരികള്‍ക്കായുള്ള അബുദാബിയുടെ സൗജന്യ വിസ പദ്ധതി; ആവേശകരമായ പ്രതികരണമെന്ന് റിപ്പോര്‍ട്ട്
വരുന്ന ദീപാവലി ആഘോഷ കാലയളവിലേക്ക് ഇതിനോടകം നിരവധി ബുക്കിംഗുകള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കായി അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ച സൗജന്യ വിസ പദ്ധതിക്ക് ആവേശകരമായ പ്രതികരണം. അബുദാബിയില്‍ കുറഞ്ഞത് മൂന്ന് രാത്രികള്‍ തങ്ങുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കാണ് സൗജന്യ എന്‍ട്രി വിസ ലഭ്യമാക്കുന്നത്. വരുന്ന ദീപാവലി ആഘോഷ കാലയളവിലേക്ക് ഇതിനോടകം നിരവധി ബുക്കിംഗുകള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.
വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിലെ വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ത്യന്‍ യാത്രക്കാരുടെ ചെലവ് കൂട്ടുന്ന പ്രധാന ഘടകം. ഇത് തിരിച്ചറിഞ്ഞാണ് അബുദാബി വിനോദസഞ്ചാര വകുപ്പ് സൗജന്യ വിസ പദ്ധതി പ്രഖ്യാപിച്ചത്. 2026 ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ പ്രാബല്യത്തിലുള്ള പൈലറ്റ് പദ്ധതിയിലൂടെ 20,000 സൗജന്യ വിസകളാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. അംഗീകൃത യാത്രാ ഏജന്‍സികള്‍ വഴി അബുദാബിയില്‍ കുറഞ്ഞത് മൂന്ന് രാത്രി ഹോട്ടല്‍ താമസം ഉള്‍പ്പെടുന്ന പാക്കേജുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക.
ഇന്ത്യന്‍ യാത്രാ പങ്കാളികളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിസ ഫീ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് ഡിസിടി അബുദാബി അന്താരാഷ്ട്ര പ്രവര്‍ത്തന വിഭാഗം ഡയറക്ടര്‍ അബ്ദുള്ള യൂസഫ് പറഞ്ഞു. ദീപാവലി സമയത്ത് യാത്ര പ്ലാന്‍ ചെയ്യുന്ന ഒട്ടേറെ സഞ്ചാരികള്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. പൈലറ്റ് ഘട്ടം വിജയകരമായാല്‍ കൂടുതല്‍ പങ്കാളികളിലേക്ക് പദ്ധതി വിപുലീകരിക്കും.
.jpg)

