സാമ്പത്തിക തിരിമറി നടത്തിയ സര്‍ക്കാര്‍ ജീവനക്കാരന് അബുദാബിയില്‍ 25 വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് കോടി ദിര്‍ഹം പിഴയും

അബുദാബി: അബുദാബിയില്‍ സര്‍ക്കാര്‍ ജീവനക്കാരന് 25 വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് കോടി ദിര്‍ഹം പിഴയും. വന്‍തുകയുടെ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അബുദാബി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ബോധപൂര്‍വം പൊതുധനം അപഹരിക്കുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും വ്യാജ രേഖകള്‍ ഉപയോഗിക്കുകയും ചെയ്‍തതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഒരു സര്‍ക്കാര്‍ ഏജന്‍സിയിലെ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‍തായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. വ്യാജ സ്‍കോളര്‍ഷിപ്പ് ഫയലുകള്‍ സൃഷ്ടിക്കുകയും അത് ഉപയോഗിച്ച് താന്‍ ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് ഏകദേശം നാല് കോടി ദിര്‍ഹത്തിന്റെ ഫണ്ട് അപഹരിക്കുകയും ചെയ്‍തു. അബുദാബിയില്‍ കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതിക്ക് 25 വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് കോടി ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത പണം തിരിച്ചടിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.