സന്ദര്‍ശകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ്

abudhabi

ഈ മേഖലകളിലെ സേവനദാതാക്കള്‍ക്ക് വ്യക്തമായ നിലവാരവും മറ്റും നിര്‍ദേശിക്കുന്നതാണ് വിഎക്‌സ് മാര്‍ഗനിര്‍ദേശങ്ങള്‍.

സന്ദര്‍ശകര്‍ക്ക് മികച്ച സേവനവും ഏകീകൃത അനുഭവവും ഉറപ്പാക്കുന്നതിനായി പുതിയ സന്ദര്‍ശക അനുഭവ മാര്‍ഗനിര്‍ദേശങ്ങള്‍ അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് (ഡിസിടി) പുറത്തിറക്കി. അബുദാബിയിലെ സന്ദര്‍ശക അനുഭവത്തിന്റെ 11 പ്രധാന മേഖലകളിലാണ് പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത്. സാംസ്‌കാരിക കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹോസ്പിറ്റാലിറ്റി, ടൂര്‍ ഗൈഡുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, സന്ദര്‍ശക വിവര കേന്ദ്രങ്ങള്‍, ഇവന്റുകള്‍, ക്രൂസ് ടെര്‍മിനല്‍, വിമാനത്താവളം, മാളുകള്‍ എന്നിങ്ങനെയുള്ള 11 മേഖലകളിലാണ് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്.

ഈ മേഖലകളിലെ സേവനദാതാക്കള്‍ക്ക് വ്യക്തമായ നിലവാരവും മറ്റും നിര്‍ദേശിക്കുന്നതാണ് വിഎക്‌സ് മാര്‍ഗനിര്‍ദേശങ്ങള്‍. ഇതിലൂടെ അബുദാബിയിലെ വിവിധ സന്ദര്‍ശക കേന്ദ്രങ്ങളിലും സേവനങ്ങളിലും ഒരേ നിലവാരത്തിലുള്ള ഗുണമേന്മയും സേവനവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.

അബുദാബിയുടെ ടൂറിസം ബ്രാന്‍ഡിന് ഏകീകൃത സ്വഭാവം നല്‍കുന്നതിനുള്ള പൊതുവായ മാനദണ്ഡമായും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രവര്‍ത്തിക്കും. പ്രായോഗിക വ്യവസായ പരിചയം ഉള്‍പ്പെടുത്തി വിവിധ ആഭ്യന്തര, ബാഹ്യ പങ്കാളികളുമായി സഹകരിച്ചാണ് ഇവ തയ്യാറാക്കിയത്. അബുദാബി ക്വാളിറ്റി ആന്‍ഡ് കോണ്‍ഫോര്‍മിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെ വിശദമായ പരിശോധനകള്‍ക്കും അംഗീകാര നടപടികള്‍ക്കും ശേഷമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അന്തിമമാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

യാത്ര ആസൂത്രണം ചെയ്യുന്നതു മുതല്‍ അബുദാബിയില്‍ നിന്ന് മടങ്ങുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും ലോകോത്തര നിലവാരത്തിലുള്ള സുഗമമായ സന്ദര്‍ശക അനുഭവം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Tags