കുവൈത്തില്‍ ഒരാഴ്ചയ്ക്കിടെ 33,590 ട്രാഫിക് നിയമലംഘനങ്ങള്‍

kuwait

ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ 26 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുകയും 640 വാഹനങ്ങളും എട്ട് മോട്ടോര്‍ സൈക്കിളുകളും ഇംപൗണ്ട് ഗാരേജിലേക്ക് മാറ്റുകയും ചെയ്തു.

കുവൈത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ സുരക്ഷാ-ഗതാഗത പരിശോധനകളില്‍ 33,590 ട്രാഫിക് നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ 26 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുകയും 640 വാഹനങ്ങളും എട്ട് മോട്ടോര്‍ സൈക്കിളുകളും ഇംപൗണ്ട് ഗാരേജിലേക്ക് മാറ്റുകയും ചെയ്തു.


ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ച എട്ട് പ്രായപൂര്‍ത്തിയാകാത്തവരെ പിടികൂടി ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ ട്രാഫിക് പട്രോളിങ്ങില്‍ 2,233 ട്രാഫിക് റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്തു. ഇതില്‍ 764 അപകടങ്ങളും പരിക്കുകള്‍ ഉള്‍പ്പെട്ട 144 അപകടങ്ങളും ഉള്‍പ്പെടുന്നു. വിവിധ കേസുകളില്‍ പിടികിട്ടാനുള്ള 401 പേരെയും കണ്ടെത്തി. താമസാനുമതി കാലാവധി കഴിഞ്ഞ 50 പ്രവാസികളെയും, ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്ലാത്ത 14 പേരെയും പിടികൂടി.

സുരക്ഷാ, ജുഡീഷ്യല്‍ അധികൃതര്‍ അന്വേഷിച്ചിരുന്ന 25 വാഹനങ്ങളും പരിശോധനയില്‍ കണ്ടെത്തി. അസ്വാഭാവിക നിലയില്‍ കണ്ടെത്തിയ ഒമ്പത് പേരെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. അതേസമയം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എമര്‍ജന്‍സി പൊലീസ് നടത്തിയ പരിശോധനകളില്‍ വിവിധ കേസുകളില്‍ പിടികിട്ടാനുള്ള 59 പേരെയും, താമസാനുമതി കാലാവധി കഴിഞ്ഞ 33 പേരെയും പിടികൂടി. എമര്‍ജന്‍സി പൊലീസ് 2,009 ട്രാഫിക് നിയമലംഘനങ്ങളും രജിസ്റ്റര്‍ ചെയ്തു. എമര്‍ജന്‍സി പൊലീസ് പട്രോളുകള്‍ കഴിഞ്ഞ ആഴ്ച 1,990 സുരക്ഷാ ഓപ്പറേഷനുകള്‍ നടത്തുകയും 1,162 കേസുകളില്‍ സഹായം നല്‍കുകയും ചെയ്തു. ലഹരി അല്ലെങ്കില്‍ മദ്യപാനവുമായി ബന്ധപ്പെട്ട ഏഴ് കേസുകളും അസ്വാഭാവിക പെരുമാറ്റം സംശയിക്കുന്ന 13 കേസുകളും കണ്ടെത്തി ബന്ധപ്പെട്ടവരെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. കുവൈത്തിലെ ആറ് ഗവര്‍ണറേറ്റുകളിലും ആഭ്യന്തര-ബാഹ്യ റോഡുകളിലും ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags