ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 28ാം സീസണ്‍; വിഐപി പാക്കേജുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം

Global Village

ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 28ാം സീസണിലേക്കുളള വിഐപി പാക്കേജുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം. അടുത്ത മാസം ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് വിഐപി പാക്കേജുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ താമസക്കാര്‍ക്ക് അവസരം ഒരുക്കുന്നത്. ഒക്ടോബര്‍ 18 ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണിന് തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് സന്ദര്‍കരെയാണ് ഈ സീസണിലും പ്രതീക്ഷിക്കുന്നത്.

പരിമിതമായ എണ്ണം പാക്കേജുകള്‍ മാത്രമേ ലഭ്യമാക്കുകയുളളുവെന്ന് സംഘാടകര്‍ അറിയിച്ചു. വിഐപി പാക്കേജ് സ്വന്തമാക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് 28,000 ദിര്‍ഹം സമ്മാനമായി നല്‍കും. ഔദ്യോഗിക വില്‍പ്പന ഈ മാസം 30ന് ആരംഭിക്കും. വിര്‍ജിന്‍ മെഗാസ്റ്റോര്‍ വെബ്‌സൈറ്റ് വഴി റിസര്‍വേഷന്‍ നടത്താം. ഡയമണ്ട്, പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ തുടങ്ങിയ വിഐപി പാക്കേജുകളാണ് ലഭ്യമാക്കുന്നത്.

എല്ലാ പായ്ക്കുകളിലും വിഐപി എന്‍ട്രി, പ്രത്യേക പാര്‍ക്കിംഗ് സൗകര്യം എന്നിവക്ക് പുറമെ ഒന്നിലധികം ഗ്ലോബല്‍ വില്ലേജ് ആകര്‍ഷണങ്ങളില്‍ ഉപയോഗിക്കാവുന്ന പാസുകളും ലഭ്യമാക്കും. ഡയമണ്ട് വിഐപി പായ്ക്കുകള്‍ 7000 ദിര്‍ഹത്തിനും പ്ലാറ്റിനം പായ്ക്കുകള്‍ 2950 ദിര്‍ഹത്തിനുമാണ് ലഭ്യമാക്കുന്നത്.

ഗോള്‍ഡന്‍ പാക്കിന് 2250 ദിര്‍ഹം, സില്‍വര്‍ പാക്കുകള്‍ക്ക് 1750 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍. 

Tags