കുവൈറ്റില്‍ 20 ലക്ഷം ദിനാറിന്റെ ഓണ്‍ലൈന്‍-ഫോണ്‍ തട്ടിപ്പ്: അന്താരാഷ്ട്ര സംഘത്തിലെ പ്രധാനി പിടിയില്‍
ഓണ്‍ലൈന്‍, ഫോണ്‍ തട്ടിപ്പുകളിലൂടെ കുവൈറ്റില്‍ മാത്രം ഈ വര്‍ഷം 20 ലക്ഷം ദിനാറിന്റെ നഷ്ടമുണ്ടായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളിലുടനീളം വ്യാജ പരസ്യങ്ങളിലൂടെയും ഫോണ്‍ കോളുകളിലൂടെയും വന്‍തോതില്‍ പണം തട്ടിയ അന്താരാഷ്ട്ര സംഘത്തിലെ പ്രധാന പ്രതിയെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇ സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതി പിടിയിലായത്. ഇത്തരം ഓണ്‍ലൈന്‍, ഫോണ്‍ തട്ടിപ്പുകളിലൂടെ കുവൈറ്റില്‍ മാത്രം ഈ വര്‍ഷം 20 ലക്ഷം ദിനാറിന്റെ നഷ്ടമുണ്ടായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുവൈറ്റിന് പുറത്തുള്ള കേന്ദ്രങ്ങള്‍ വഴിയാണ് ഈ തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഒരേസമയം നിരവധി സിം കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പ്രത്യേക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വിദേശത്തിരുന്ന് വിളിക്കുമ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ പ്രാദേശിക നമ്പറുകളില്‍ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ ആളുകളെ വലയിലാക്കിയിരുന്നത്.
തട്ടിപ്പിനായി കടത്തിക്കൊണ്ടുവന്ന സിം കാര്‍ഡുകളുടെ പാഴ്‌സല്‍ കൈപ്പറ്റുന്നതിനിടെയാണ് പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാളില്‍ നിന്ന് 70 കുവൈറ്റ് സിം കാര്‍ഡുകളും അഞ്ച് യുഎഇ സിം കാര്‍ഡുകളും സിം കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് പ്രത്യേക ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
.jpg)

