ആർ.ശ്രീലേഖയല്ല, രാഷ്ട്രീയരംഗത്തെ പതിറ്റാണ്ടുകളുടെ പരിചയവുമായി തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർഥിയായി വി.വി. രാജേഷ്

Not R. Sreelekha, but V.V. Rajesh, with decades of experience in politics, is the BJP mayoral candidate in Thiruvananthapuram Corporation.
Not R. Sreelekha, but V.V. Rajesh, with decades of experience in politics, is the BJP mayoral candidate in Thiruvananthapuram Corporation.

തിരുവനന്തപുരം∙ ചരിത്രത്തിൽ ആദ്യമായി ബിജെപി  തിരുവനന്തപുരം കോർപറേഷൻ ഭരണത്തിലേക്കു എത്തുമ്പോൾ നയിക്കാനുള്ള നിയോഗം മുതിർന്ന നേതാവ് വി.വി.രാജേഷിന്. കൊടുങ്ങാനൂർ വാർഡിൽനിന്നു വിജയിച്ച വി.വി.രാജേഷിനെ മേയർ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചു. മുൻ ഡിജിപി ആർ.ശ്രീലേഖയുടെ പേരും പരിഗണിക്കപ്പെട്ടെങ്കിലും രാഷ്ട്രീയരംഗത്തെ പതിറ്റാണ്ടുകളുടെ പരിചയമാണ് രാജേഷിന് നറുക്കു വീഴാൻ കാരണമായത്. ഭൂരിഭാഗം കൗൺസിലർമാരുടെയും പിന്തുണ രാജേഷിനായിരുന്നു.

tRootC1469263">

ആർ. ശ്രീലേഖ ഡപ്യൂട്ടി മേയർ ആകില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള ഒരു സീറ്റിൽ ശ്രീലേഖ മത്സരിക്കും. രാവിലെ മുതിർന്ന നേതാക്കൾ ശ്രീലേഖയുടെ വീട്ടിലെത്തി അവരെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. കരുമം മണ്ഡലത്തിൽനിന്നു വിജയിച്ച ആശാനാഥ് ഡപ്യൂട്ടി ചെയർമാനാകും. ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്ന വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്ന് മേയറെയും നേമം മണ്ഡലത്തിൽനിന്ന് ഡപ്യൂട്ടി മേയറെയുമാണ് നിയോഗിച്ചിരിക്കുന്നത്.

മറ്റു മുന്നണികളിൽനിന്ന് കരുത്തരായ നേതാക്കൾ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട് എത്തിയിരിക്കുന്ന സാഹചര്യത്തിൽ അവരെ നേരിടാൻ രാഷ്ട്രീയ പരിചയമുള്ള ഒരാൾ തന്നെ മേയറായി എത്തണമെന്ന പൊതുഅഭിപ്രായമാണ് ബിജെപിയിൽ ഉയർന്നത്. ആർഎസ്എസിന്റെ പിന്തുണയും രാജേഷിന് അനുകൂലമായി. ബിജെപി സംസ്ഥാന സെക്രട്ടറിയായ രാജേഷ് തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റും യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു. 

101 അംഗ കോർപ്പറേഷനിൽ 50 സീറ്റുകളാണ് ബിജെപിക്കുള്ളത്. 51 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സ്വതന്ത്രന്റെ പിന്തുണ നേടി മാജിക് നമ്പർ കണ്ടെത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞത്തെ ഫലവും നിർണായകമാകും.

കോർപറേഷനുകളിലെ മേയർ, ഡപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റി ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് 26ന് നടക്കും. മേയർ, ചെയർപഴ്സൻ തിരഞ്ഞെടുപ്പ് രാവിലെ 10.30നും ഡപ്യൂട്ടി മേയർ, വൈസ് ചെയർപഴ്സൻ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നുമാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും.
 

Tags