‘കേരളത്തിന്റെ സ്പന്ദനമാണ് സതീശൻ, അദ്ദേഹമായതിനാലാണ് രണ്ട് മണിക്കൂറോളം കാത്തിരുന്നത്’ ; മുഖ്യമന്ത്രിയെ പുകഴ്ത്തി സിപിഐ നേതാവ് സി. ദിവാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വേദിയിൽ പുകഴ്ത്തി സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിന്റെ സ്പന്ദനമാണ് വി.ഡി. സതീശനെന്നും അദ്ദേഹമായതിനാലാണ് രണ്ട് മണിക്കൂറോളം കാത്തിരുന്നതെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി–ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലായിരുന്നു സി. ദിവാകരന്റെ പരാമർശം.
സാധാരണയായി ആരെയും കാത്തുനിൽക്കുന്ന സ്വഭാവം തനിക്കില്ലെന്നും എന്നാൽ സതീശനുവേണ്ടി മാത്രമാണ് രണ്ട് മണിക്കൂർ കാത്തിരുന്നതെന്നും ദിവാകരൻ പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയുള്ള 100 ദിവസത്തിനുള്ളിൽ കേരളത്തിന്റെ താൽപര്യങ്ങൾ സതീശന്റെ കൈകളിൽ ഭദ്രമാണെന്ന് തെളിയിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി മുഖ്യമന്ത്രി സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കാൻ കഴിയുമെന്നും ദിവാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം വേദിയിൽ പങ്കുവച്ചു.
.jpg)

