തിരുവല്ലയിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് വീടിന് മുമ്പിൽ ഉയർത്തിയ ഫ്ലക്സ് ബോർഡ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുന്നു

thiruvalla bjp flex - suroj
thiruvalla bjp flex - suroj

ലോക്സഭയിലും രാജ്യസഭയിലും വക്കഫ് ഭേദഗതി ബിൽ പാസായതിന്റെ തൊട്ടടുത്ത ദിവസമാണ് സുരോജ് വീടിനു മുമ്പിൽ ഫ്ലക്സ് സ്ഥാപിച്ചത്

തിരുവല്ല :  കേരള കോൺഗ്രസ് നേതാവ് വീടിന് മുമ്പിൽ ഉയർത്തിയ ഫ്ലക്സ് ബോർഡ് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുന്നു. മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള ഫ്ലക്സാണ് തിരുവല്ലയിലെ നിരണത്ത് വീടിന് മുൻപിൽ സ്ഥാപിച്ചത്. നിങ്ങൾ ഞങ്ങളെ ബിജെപി സ്നേഹികളാക്കി എന്നെഴുതിയ ഫ്ലക്സ് ബോർഡാണ്  നിരണം ഇരതോട് കിഴക്കേ പറമ്പിൽ വീട്ടിൽ സുരോജ് ജേക്കബിന്റെ വീടിന് മുൻവശം സ്ഥാപിച്ചത്.     

ലോക്സഭയിലും രാജ്യസഭയിലും വക്കഫ് ഭേദഗതി ബിൽ പാസായതിന്റെ തൊട്ടടുത്ത ദിവസമാണ് സുരോജ് വീടിനു മുമ്പിൽ ഫ്ലക്സ് സ്ഥാപിച്ചത്. ഈ ഫ്ലെക്സിന്റെ ഫോട്ടോ അടക്കം നിരണത്തെ പ്രാദേശിക ബിജെപി പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റ് ബിജെപി സംസ്ഥാന മീഡിയ സെൽ കൺവീനർ അനൂപ് ആൻറണി ഷെയർ ചെയ്തതോടെയാണ് സംഭവം വൈറൽ ആയത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി ഷോൺ ജോർജ് എന്നിവർ അടക്കം രാജ്യത്തിനകത്തും പുറത്തുള്ള നിരവധി പേർ ഈ പോസ്റ്റ് ഷെയർ ചെയ്തു. 

thiruvalla bjp flex suroj

ഇതിന് പിന്നാലെ വെള്ളിയാഴ്ച ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വി എ സൂരജ്, തിരുവല്ല മണ്ഡലം പ്രസിഡണ്ട് രാജേഷ് കൃഷ്ണ, ജനറൽ സെക്രട്ടറി വി വി വിജയകുമാർ തുടങ്ങിയവർ അടങ്ങുന്ന സംഘം സുരോജിന്റെ വീട്ടിലെത്തി ബിജെപിയിൽ അംഗത്വം നൽകി സ്വീകരിച്ചു. ഏറെക്കാലമായി  വിദേശത്ത് ജോലി ചെയ്തിരുന്ന സുരോജ് 15 വർഷം മുമ്പാണ് നാട്ടിൽ തിരികെയെത്തിയത്. 

തുടർന്ന് കേരള കോൺഗ്രസ് മാണി വിഭാഗം മണ്ഡലം സെക്രട്ടറി, മണ്ഡലം പ്രസിഡണ്ട്, യു ഡി എഫ് മണ്ഡലം കൺവീനർ, ഇരതോട് സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വക്കഫ് ബില്ലിനെ പിന്തുണയ്ക്കണമെന്ന് ഓർത്തഡോക്സ് , കത്തോലിക്ക സഭ നേതൃത്വങ്ങൾ അടക്കം അഭ്യർത്ഥിച്ചിട്ടും ഇടത് - വലത് മുന്നണികളിലെ എംപിമാർ അനുകൂലിച്ചില്ല എന്നും അതിൻറെ പ്രതിഷേധമാണ് താൻ ബിജെപിയിലേക്ക് പോകുന്നത് എന്നും സുരോജ് പറഞ്ഞു.

Tags