എല്ലാമന്ത്രിമാരും സ്വന്തം വാഹനങ്ങളില്‍ പോകുന്നതിന്റെ ചെലവുകുറയ്ക്കാനാണ് നവകേരളസദസ്സ് യാത്ര കെ.എസ്.ആര്‍.ടി.സി. ബസിലാക്കിയത് : കെ.എന്‍.ബാലഗോപാല്‍
കൊട്ടാരക്കര: പോലീസ് സ്റ്റേഷനില്‍ വലതുകാല്‍വച്ചു കയറിയാലും ഇടതുകാല്‍വച്ചു കയറിയാലും അടിയെന്ന കഥപോലെയാണ് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. മണ്ഡലത്തില്‍ ആദ്യ സര്‍ക്കാര്‍ ബി.എസ്സി. നഴ്സിങ് കോളേജിന്റെ ഉദ്ഘാടനം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യവിവാദങ്ങളുയര്‍ത്തി വികസനപ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കുകയാണ്. ആസൂത്രിതമായി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. എല്ലാമന്ത്രിമാരും സ്വന്തം വാഹനങ്ങളില്‍ പോകുന്നതിന്റെ ചെലവുകുറയ്ക്കാനാണ് നവകേരളസദസ്സ് യാത്ര കെ.എസ്.ആര്‍.ടി.സി. ബസിലാക്കിയത്. മുഖ്യമന്ത്രിയുടെ വീട്ടില്‍ കൊണ്ടുപോയി പാര്‍ക്ക് ചെയ്യാനല്ല ബസ് തയ്യാറാക്കുന്നത്. വിമര്‍ശനങ്ങള്‍ വസ്തുതാപരമാകണം. സങ്കീര്‍ണമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് കൊട്ടാരക്കരയില്‍ നഴ്സിങ് കോളേജ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷന്‍ എസ്.ആര്‍.രമേശിന്റെ അധ്യക്ഷതയില്‍ ഉപാധ്യക്ഷ വനജ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, സ്ഥിരംസമിതി അധ്യക്ഷരായ ജേക്കബ് വര്‍ഗീസ് വടക്കടത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.