ദുരിത ബാധിതര്‍ക്ക് ആശ്വാസമേകാനെത്തി ലെഫ്റ്റനന്‍റ് കേണൽ മോഹന്‍ലാല്‍

mohanlal wayanad 1
mohanlal wayanad 1

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടങ്ങൾ സന്ദർശിച്ച് നടനും ലഫ്റ്റനന്റ് കേണലും കൂടിയായ മോഹൻലാൽ. അദ്ദേഹം പ്രവ‍ർത്തിക്കുന്ന മദ്രാസ് ഇന്‍ഫെന്ററി ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ക്കും മേജർ രവിയ്ക്കുമൊപ്പമാണ് മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കാൻ എത്തിയത്. 

mohanlal wayanad

ഔദ്യോ​ഗിക വേഷത്തിൽ ആയിരുന്നു മോഹൻലാൽ എത്തിയത്. ദുരിതബാധിത മേഖല സന്ദർശിച്ചുവെന്നും വേദനയുണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

mohanlal wayanad

'നമ്മുടെ രാജ്യം കണ്ടതിൽവച്ച് ഏറ്റവും സങ്കടകരമായ കാഴ്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിലൂടെ അറിയുന്നത്. അതിന്റെ വ്യാപ്തി എത്രത്തോളം ആണെന്ന് ആ സ്ഥലങ്ങളിൽ പോയി കണ്ടാൽ മാത്രമെ മനസിലാകുകയുള്ളൂ. പക്ഷെ നമ്മളെല്ലാവരും ഒരുമിച്ച് ചേര്‍ന്ന് അവരെ സഹായിക്കുന്നു എന്നുള്ളത് വലിയ കാര്യമാണ്'എന്നും അദ്ദേഹം പറഞ്ഞു.

mohanlal meppadi

"അതിൽ എടുത്ത് പറയേണ്ടുന്നവരാണ് ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ്, ഫയർ ഫോഴ്സ്, എൻഡിആർഎഫ്, പൊലീസ്, ഹോസ്പിറ്റൽ അധികൃതർ, ​ഡോക്ടേഴ്സ്, സന്നദ്ധ സംഘടനകൾ, സാധാരണ ആൾക്കാർ, ഒരു കല്ലെടുത്ത് മാറ്റിവയ്ക്കുന്നൊരു കുട്ടി പോലും ഇതിന്റ ഭാ​ഗമായി മാറുന്നു" എന്നും അദ്ദേഹം പറഞ്ഞു.

mohanlal 

'ഇവിടെ ആദ്യമെത്തിയത്, ഞാനും കൂടി ഉള്‍പ്പെടുന്ന 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടി എ മദ്രാസ് ആയിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി ഞാന്‍ ഈ ബറ്റാലിയനിലാണ് ഉള്ളത്. ഒരുപാട് പേരെ അവര്‍ക്ക് രക്ഷപ്പെടുത്താന്‍ സാധിച്ചു. അവര്‍ മാത്രമല്ല നിരവധി യൂണിറ്റുകള്‍ ഇവിടെയുണ്ട്. അവരെയെല്ലാവരെയും മനസുകൊണ്ട് ഞാന്‍ നമസ്കരിക്കുകയാണ്'.

mohanlal

'നമുക്ക് എല്ലാവർക്കും ചേർന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവർക്കും ചേർന്ന് ഒരു തീരുമാനം എടുക്കണം. ഒരിക്കൽ കൂടി ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു. ബെയ്ലി പാലം നിർമിച്ചത് തന്നെ അത്ഭുതമാണ്. ഈശ്വരന്റെ സഹായം കൂടി പുറകിൽ ഉണ്ടെന്ന് വിചാരിക്കാം. ഒരുപാട് പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. അവരെ കണ്ടെത്താനാകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം' എന്നും മോഹൻലാൽ പറഞ്ഞു. അതേസമയം മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ദുരന്തമേഖലയുടെ പുനഃരുദ്ധാനത്തിനായി 3 കോടി നൽകുമെന്നും അറിയിച്ചു.

News Hub