ഉത്തർപ്രദേശിൽ വെള്ളം നിറഞ്ഞ കുഴിയിൽവീണ് നാലുകുട്ടികൾ മരിച്ചു
ഉത്തർപ്രദേശ്: പ്രയാഗ്രാജിൽ ബെഡൗലി ഗ്രാമത്തിൽ വെള്ളം നിറഞ്ഞ കുഴിയിൽവീണ് നാലുകുട്ടികൾ മരിച്ചു. വൈഷ്ണവി (3), ഹുണർ (5), കാൻഹ(5), കേസരി(5) എന്നിവരാണ് മരിച്ചത്. പ്രദേശത്തെ ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികളാണിവർ. ജൂലൈ എട്ടിന് വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം വീടിനുമുന്നിൽ കളിച്ചുകൊണ്ടിരിക്കെ നാലുകുട്ടികളെയും കാണാതാവുകയായിരുന്നു. രാത്രി വൈകിയും കുട്ടികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ പ്രദേശത്തെ വയലിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയിൽനിന്ന് കണ്ടെടുത്തത്.
മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനായി എസ്ആർഎൻ ആശുപത്രിയിലേക്കയച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ എസ്.പി. ഉപാധ്യായ പറഞ്ഞു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. കുട്ടികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
.jpg)

